ദുബായിൽ നിന്ന് കോഴിക്കോട്ടേക്ക് വന്ന സ്പൈസ് ജെറ്റ് വിമാനം മോശം കാലാവസ്ഥയെ തുടർന്ന് ഇന്നു രാവിലെ കൊച്ചിയിലിറക്കി. 182 യാത്രക്കാർ വിമാനത്തിൽ രണ്ട് മണിക്കൂറോളം കാത്തിരുന്നിട്ടും തുടർ നടപടികൾ സംബന്ധിച്ച് തീരുമാനമായില്ല. വനിതാ യാത്രക്കാർ അടക്കമുളളവർ ഭക്ഷണമോ വെളളമോ കിട്ടിയില്ലെന്നാരോപിച്ച് ബഹളം വച്ചു.
തുടർച്ചയായി സാങ്കേതിക പ്രശ്നങ്ങൾ ആവർത്തിച്ച സാഹചര്യത്തിൽ രണ്ട് മാസത്തേക്ക് സ്പൈസ് ജെറ്റിന്റെ വിമാന സർവീസ് വെട്ടിക്കുറച്ചിട്ടുണ്ട്. ഡിജിസിഎ നടത്തിയ പരിശോധനയിൽ, സ്പൈസ് ജെറ്റിന്റെ സുരക്ഷാ മുൻകരുതലുകളും മെയിന്റനൻസും പര്യാപ്തമല്ല എന്ന് കണ്ടെത്തിയിരുന്നു. അടുത്ത എട്ടാഴ്ച സ്പൈസ് ജെറ്റിന്റെ പ്രവർത്തനങ്ങൾ ഡിജിസിഎ നിരീക്ഷിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ ആകും തുടർ നടപടികൾ എന്നും ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ വ്യക്തമാക്കി. കഴിഞ്ഞ 18 ദിവസത്തിനിടെ 8 തവണ സ്പൈസ് ജെറ്റ് വിമാനങ്ങൾ അപകടങ്ങളുടെ വക്കിലെത്തുകയോ സാങ്കേതിക തകരാറിന് ഇരയാകുകയോ ചെയ്തിരുന്നു.
കോഴിക്കോടെത്താൻ പകരം സംവിധാനം ഒരുക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടെങ്കിലും 9 മണിയോടെ അവരെ നെടുമ്പാശേരിയിലെ ഹോട്ടലിലേക്ക് മാറ്റിയതോടെ പ്രതിഷേധം അയഞ്ഞു.

