Thursday, May 2, 2024
spot_img

ഹോട്ടലില്‍ അജ്ഞാത മൃതദേഹം; ഒപ്പം ലഭിച്ചത് 41 മയക്കുമരുന്ന് ഗുളികകള്‍; മരണത്തിലെ ദുരൂഹത നീക്കി ദുബൈ പൊലീസ്

ദുബൈ: ഹോട്ടലില്‍ അജ്ഞാത മൃതദേഹത്തിനൊപ്പം മയക്കുമരുന്ന് ഗുളികള്‍ കണ്ടെത്തിയ സംഭവത്തില്‍ ചുരുളഴിഞ്ഞ് വന്‍ മയക്കുമരുന്ന് കടത്തിന്റെ വിവരങ്ങള്‍. ദുബൈയിലെ നൈഫിലാണ് ഹോട്ടല്‍ മുറിയില്‍ ജീര്‍ണിച്ച് തുടങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തോടൊപ്പം 41 മയക്കുമരുന്ന് ഗുളികകള്‍ ഉണ്ടായിരുന്നുവെന്നും ഇവയ്‍ക്ക് രണ്ട് കിലോഗ്രാമിലധികം ഭാരമുണ്ടായിരുന്നുവെന്നും ദുബൈ പൊലീസ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫൊറന്‍സിക് എവിഡന്‍സ് ആന്റ് ക്രിമിനോളജി ഡയറക്ടര്‍ കേണല്‍ മക്കി സല്‍മാന്‍ പറഞ്ഞു.

മൃതദേഹത്തിന് തൊട്ടടുത്ത് നിന്നാണ് മയക്കുമരുന്ന് ഗുളികകള്‍ കണ്ടെത്തിയത്. ഇതിന് പുറമെ മൃതദേഹം പരിശോധിച്ചപ്പോള്‍ ശരീരത്തിനുള്ളില്‍ നിന്ന് 44 മയക്കുമരുന്ന് ഗുളികകളും കണ്ടെടുത്തു. ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച ഒരു മയക്കുമരുന്ന് ഗുളിക പൊട്ടിയതാണ് ഇയാളുടെ മരണത്തിന് കാരണമായതെന്ന് വിദഗ്ധ പരിശോധനയില്‍ കണ്ടെത്തിയതായി കേണല്‍ സല്‍മാന്‍ പറഞ്ഞു.

47 വയസുകാരനാണ് ഹോട്ടലില്‍ മുറിയെടുത്തത്. രണ്ട് ദിവസത്തിന് ശേഷം മുറിയില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെയാണ് ഹോട്ടല്‍ ജീവനക്കാര്‍ പൊലീസിനെ വിവരമറിയിച്ചത്. പൊലീസ് സംഘം സ്ഥലത്തെത്തി മുറി തുറന്ന് പരിശോധിച്ചപ്പോള്‍ ജീര്‍ണിച്ച് തുടങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. കട്ടിലിന് സമീപത്താണ് മൃതദേഹം കിടന്നിരുന്നത്. ഫൊറന്‍സിക് സംഘം സ്ഥലത്തെത്തി വിരലടയാളങ്ങളും മറ്റ് തെളിവുകളും ശേഖരിച്ചു. ഇയാളുടെ വിലപിടിപ്പുള്ള വസ്‍തുക്കളെല്ലാം മുറിയില്‍ തന്നെയുണ്ടായിരുന്നു.

വിശദമായ അന്വേഷണത്തിലാണ് മരണം സംബന്ധിച്ച ദുരൂഹത നീക്കാന്‍ പൊലീസിന് സാധിച്ചത്. ശരീരത്തില്‍ ഒളിപ്പിച്ച മയക്കുമരുന്ന് ശേഖരവുമായാണ് ഇയാള്‍ ഹോട്ടലില്‍ മുറിയെടുത്തത്. അവിടെ വെച്ച് 41 മയക്കുമരുന്ന് ഗുളികകള്‍ ശരീരത്തില്‍ നിന്ന് പുറത്തെടുക്കാന്‍ സാധിച്ചു. എന്നാല്‍ ഒരു ഗുളിക പൊട്ടിയതോടെ മരണത്തില്‍ കലാശിക്കുകയായിരുന്നു.

Related Articles

Latest Articles