Sunday, May 19, 2024
spot_img

സാങ്കേതിക തകരാര്‍; ഇൻഡിഗോ വിമാനം പാകിസ്ഥാനിൽ ഇറക്കി

ദില്ലി: സാങ്കേതിക തകരാറിനെ തുടർന്ന് ഇൻഡിഗോ വിമാനം പാകിസ്ഥാനിൽ ഇറക്കി. ഷാർജയിൽ നിന്നും ഹൈദരാബാദിലേക്ക് പുറപ്പെട്ട വിമാനമാണ് കറാച്ചിയിൽ ഇറക്കിയത്. രണ്ടാഴ്ചക്കിടെ സാങ്കേതിക തകരാറിനെ തുടർന്ന് കറാച്ചിയിൽ ഇറക്കുന്ന രണ്ടാമത്തെ വിമാനമാണ് ഇത്. യാത്രക്കാർ സുരക്ഷിതരാണെന്നും യാത്രക്കാരെ ഹൈദരാബാദ് എത്തിക്കാനായി ഇന്ത്യയിൽ നിന്നും മറ്റൊരു ഇൻഡിഗോ വിമാനം കറാച്ചിയിലേക്ക് എത്തിക്കുന്നത് സംബന്ധിച്ച് അധികൃതർ ചർച്ചയിലാണെന്ന് ഇൻഡിഗോ പ്രസ്താവനയിലൂടെ അറിയിച്ചു.

ജൂലൈ അഞ്ചിന് ദില്ലിയിൽ നിന്ന് ദുബായിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനം ഇൻഡിക്കേറ്റർ ലൈറ്റ് തകരാറിലായതിനെ തുടർന്ന് കറാച്ചിയിലേക്ക് തിരിച്ചുവിട്ടിരുന്നു. സംഭവത്തിൽ സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. വിമാനത്തിന്റെ ഇന്റിക്കേറ്റർ ലൈറ്റിന് തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് വിമാനം കറാച്ചി വിമാനത്താവളത്തിൽ അടിയന്തിരമായി ഇറക്കിയതെന്നാണ് വിമാനക്കമ്പനി നൽകിയ വിശദീകരണം. സ്‌പൈസ് ജെറ്റിന്റെ ബോയിംഗ് 737 മാക്സ് വിമാനത്തിലാണ് തകരാർ അനുഭവപ്പെട്ടത്.

എമർജൻസി ലാന്‍റിംഗായിരുന്നില്ലെന്നും സാധാരണ നിലയിലുള്ള ലാന്‍റിംഗായിരുന്നുവെന്നും വിമാനക്കമ്പനി വക്താവ് വിശദീകരിച്ചു. തകരാർ കണ്ടെത്തിയ സാഹചര്യത്തിലായിരുന്നു വിമാനം കറാച്ചിയിലേക്ക് അയച്ചത്. യാത്രക്കാരെല്ലാവരും സുരക്ഷിതരാണെന്നും വിമാനക്കമ്പനി വക്താവ് അറിയിച്ചു. തുടർച്ചയായി ഇത്തരം സംഭവങ്ങൾ സ്‌പൈസ് ജെറ്റ് വിമാന യാത്രക്കിടെ സംഭവിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ഡിജിസിഎ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

Related Articles

Latest Articles