Sunday, April 28, 2024
spot_img

ആഭ്യന്തര യുദ്ധത്തെത്തുടർന്ന് അഭയം തേടി മ്യാൻമർ സൈനികർ ഇന്ത്യൻ അതിർത്തിയിലേക്ക് !അടിയന്തിര ഇടപെടലുമായി കേന്ദ്രസർക്കാർ ! മ്യാൻമർ അതിർത്തിയിൽ സുരക്ഷ ശക്തമാക്കുമെന്ന് അമിത്ഷാ

ഗുവാഹത്തി : മ്യാന്മാർ അതിർത്തിയിൽ സുരക്ഷ ശക്തമാക്കാൻ നിർദേശം നൽകി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ആഭ്യന്തരയുദ്ധം രൂക്ഷമായ മ്യാൻമറിൽ നിന്ന് അഭയം തേടി സൈനികർ ഇന്ത്യൻ അതിർത്തി കടന്നെത്തിയതിന് പിന്നാലെയാണ് നടപടി . വിമത സേനയും ജുണ്ട ഭരണകൂടവും തമ്മിലാണ് മ്യാൻമറിൽ പോരാട്ടം നടക്കുന്നത്. അതിർത്തി സംസ്ഥാനമായ മിസോറമിലേക്കാണ് സൈനികർ അഭയം തേടിയെത്തിയത്. വിഷയത്തിൽ മിസോറം സർക്കാർ കേന്ദ്രസർക്കാരിനെ വിവരങ്ങൾ ധരിപ്പിച്ചു.

ഏറ്റുമുട്ടൽ രൂക്ഷമായതോടെ 600 മ്യാൻമർ സൈനികർ ഇന്ത്യയിലേക്കു കടന്നന്നുവെന്നാണ് റിപ്പോർട്ട്. സൈനികർ ഇന്ത്യയിലേക്ക് കടക്കുന്ന വീഡിയോ ദൃശ്യങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു. പടിഞ്ഞാറൻ മ്യാൻമറിലെ റാഖൈൻ സംസ്ഥാനത്തിലെ വംശീയ സായുധ സംഘമായ അരാകൻ ആർമി (എഎ) പട്ടാള ക്യാംപുകൾ പിടിച്ചെടുത്തതിനെത്തുടർന്ന് സൈനികർ മിസോറമിലെ ലോങ്‌ട്‌ലായ് ജില്ലയിലേക്ക് എത്തുകയായിരുന്നുവെന്നാണ് വിവരം.

ഷില്ലോങ്ങിൽ നടന്ന വടക്കുകിഴക്കൻ കൗൺസിൽ യോഗത്തിന്റെ പ്ലീനറി സമ്മേളനത്തിനിടെ മിസോറം മുഖ്യമന്ത്രി ലാൽഡുഹോമയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും തമ്മിൽ അടിയന്തര ചർച്ച നടന്നു. സംസ്ഥാനത്ത് അഭയം പ്രാപിച്ച മ്യാൻമർ സൈനികരെ വേഗത്തിൽ തിരിച്ചയക്കേണ്ടതിന്റെ ആവശ്യകത മുഖ്യമന്ത്രി ചർച്ചയിൽ വ്യക്തമാക്കിയതായാണ് റിപ്പോർട്ട്.

‘‘മ്യാൻമറിൽനിന്ന് ആളുകൾ നമ്മുടെ രാജ്യത്തേക്ക് അഭയം തേടി എത്തുകയാണ്. മാനുഷിക പരിഗണനയുടെ പേരിൽ ഞങ്ങൾ അവരെ സഹായിക്കുന്നുണ്ട്. മ്യാൻമറിലെ പട്ടാളക്കാർ അഭയം തേടി വരുന്നത് തുടരുകയാണ്. കുറച്ചുപേരെ ഞങ്ങൾ വിമാനമാർഗം തിരിച്ചയച്ചിരുന്നു. 450ഓളം സൈനികരെ തിരിച്ചയച്ചു.’’– മുഖ്യമന്ത്രി ലാൽഡുഹോമ മാദ്ധ്യമ പ്രവർത്തകരോട് വ്യക്തമാക്കി.

Related Articles

Latest Articles