Sunday, November 8, 2026

ചിദംബരത്തെ വീണ്ടും കുരുക്കാൻ എന്‍ഫോഴ്‌സ്‌മെന്‍റ്; എയര്‍ ഇന്ത്യ അഴിമതിക്കേസില്‍ ആറ് മണിക്കൂർ ചോദ്യം ചെയ്തു

ദില്ലി: ഐഎഎക്സ് മീഡിയ കേസിൽ ജാമ്യത്തിലിറങ്ങിയ മുതിർന്ന കോൺ​ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയും എംപിയുമായ പി ചിദംബരത്തിന് കുരുക്കായി എയർ ഇന്ത്യ അഴിമതിക്കേസും. എയര്‍ ഇന്ത്യ അഴിമതികേസുമായി ബന്ധപ്പെട്ട് പി ചിദംബരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ആറ് മണിക്കൂറോളം ചോദ്യം ചെയ്യല്‍ നീണ്ടതായാണ് വിവരം. ദില്ലിയിലെ ഇഡി ഓഫീസില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍.

കള്ളപ്പണം തടയല്‍ നിയമപ്രകാരമാണ് ചിദംബരത്തെ ചോദ്യം ചെയ്തത്. ചിദംബരത്തിന്റെ പ്രസ്താവനകള്‍ ഇ ഡി രേഖപ്പെടുത്തിയിട്ടുണ്ട്. 2005-ല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്താണ് 70,000 കോടി രൂപയുടെ എയര്‍ ഇന്ത്യ അഴിമതി നടന്നത്. എയര്‍ ഇന്ത്യയ്ക്കും ഇന്ത്യന്‍ എയര്‍ലൈന്‍സിനും 111 പുത്തൻ വിമാനങ്ങള്‍ വാങ്ങുന്നതിന് നിര്‍മ്മതാക്കാളായ ബോയിംഗ്, എയര്‍ ബസ് എന്നീ കമ്പനികള്‍ക്ക് നല്‍കിയ കരാറിന്റെ മറവിലാണ് അഴിമതി നടന്നത്.

കേസില്‍ 2017-ല്‍ സിബിഐ അന്വേഷണവും, 2018 മേയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണവും ആരംഭിച്ചു. ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസിൽ ആറുമാസത്തെ ജയിൽവാസത്തിന് ശേഷം കഴിഞ്ഞ മാസമാണ് ചിദംബരം തീഹാർ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്.

Related Articles

Latest Articles