Saturday, September 19, 2026

ഹരിയാനയിലെ കോൺഗ്രസ് എംഎൽഎയുടെ വീട്ടിൽ ഇഡി റെയ്‌ഡ്‌ ! 5 കോടി രൂപയുടെ കറൻസിയും 300 തോക്കുകളും നൂറിലേറെ മദ്യക്കുപ്പികളും അഞ്ച് കിലോഗ്രാമോളമുള്ള സ്വർണ ബിസ്‌കറ്റുകളും പിടിച്ചെടുത്തു

ചണ്ഡീഗഢ് : ഹരിയാനയിലെ കോണ്‍ഗ്രസ് എംഎല്‍എ സുരേന്ദ്ര പന്‍വാറിന്റെ വീട്ടില്‍ ഇഡി നടത്തിയ റെയ്ഡിൽ 5 കോടി രൂപയുടെ കറന്‍സിയും 300 തോക്കുകളും നൂറിലേറെ മദ്യക്കുപ്പികളും അഞ്ച് കിലോഗ്രാമോളമുള്ള സ്വര്‍ണ ബിസ്‌കറ്റുകളും പിടിച്ചെടുത്തു .ഖനി വ്യവസായി കൂടിയായ സുരേന്ദ്ര പന്‍വാർ സോനിപത് മണ്ഡലത്തിൽ നിന്നാണ് നിയമസഭയിലെത്തിയത്. സുരേന്ദ്ര പന്‍വാറിന്റെയും കൂട്ടാളികളുടെയും വീട്ടിലാണ് ഇഡി പരിശോധന നടത്തിയത്. ഇതിന് പുറമെ ഇന്ത്യന്‍ നാഷണല്‍ ലോക് ദള്‍ പാര്‍ട്ടിയുടെ (ഐഎന്‍എല്‍ഡി) മുന്‍ എംഎല്‍എ ദില്‍ബാഗ് സിങ്ങിന്റെയും ഇയാളുടെ കൂട്ടാളികളുടെയും വീട്ടിലും ഇഡി റെയ്ഡ് നടത്തി.

ആറ് വാഹനങ്ങളിലായി ഇരുപതോളം ഇഡി ഉദ്യോഗസ്ഥരാണ് പരിശോധനയ്ക്കായി എത്തിയത്. പരിശോധനാ സമയത്ത് വീട്ടിലുണ്ടായിരുന്ന എം.എല്‍.എയുടെ കുടുംബാങ്ങളുടെയും ജീവനക്കാരുടെയും ഫോണുകളും ഇഡി പിടിച്ചെടുത്തു. യമുനാനഗര്‍, സോനിപത്, മൊഹാലി, ഫരീദാബാദ്, ചണ്ഡീഗഢ്, കര്‍നാല്‍ എന്നിവിടങ്ങളിലെ 20 കേന്ദ്രങ്ങളിലാണ് 2013-ലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് പരിശോധന നടത്തിയത്. ദേശീയ ഹരിത ട്രൈബ്യൂണല്‍ നിരോധിച്ചതിന് ശേഷവും യമുനാനഗറിലും അനുബന്ധ ജില്ലകളിലും പാറ, ചരല്‍, മണല്‍ ഖനനം തുടര്‍ന്നതിന് ഹരിയാന പോലീസ് അന്ന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പിന്നാലെ ഇഡിയും സംഭവത്തിൽ കേസെടുത്തു.

Related Articles

Latest Articles