Sunday, April 28, 2024
spot_img

പുൽപ്പള്ളിയിൽ നടപടി കടുപ്പിച്ച് ഇഡി! കെ കെ എബ്രഹാം അടക്കമുള്ള ബാങ്ക് ഭാരവാഹികളുടെ 4.34 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി

വയനാട് പുൽപ്പള്ളി സര്‍വീസ് സഹകരണബാങ്ക് വായ്പത്തട്ടിപ്പ് കേസില്‍ ബാങ്ക് മുന്‍ പ്രസിഡന്റും കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറിയുമായ കെ കെ എബ്രഹാം അടക്കമുള്ള ബാങ്ക് ഭാരവാഹികളുടെ 4.34 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി ഇഡി. എബ്രഹാമിനെ കൂടാതെ മുന്‍ സെക്രട്ടറിയുടേയും മറ്റ് ബോര്‍ഡ് അംഗങ്ങളുടേയും സ്വത്തുക്കളും കണ്ടുകെട്ടിയിട്ടുണ്ട്. സജീവന്‍ കെ.ടി. എന്ന സ്വകാര്യ വ്യക്തിയുടെ സ്വത്തുക്കളും ഇതില്‍ ഉള്‍പ്പെടും. ഇഡി അറസ്റ്റ് ചെയ്യാതിരുന്ന കേസിലെ ഒന്നാംപ്രതിയായ കെ കെ എബ്രഹാം ഇപ്പോള്‍ റിമാന്‍ഡിലാണ്.

പുൽപ്പള്ളി സര്‍വീസ് സഹകരണ ബാങ്കില്‍ വായ്പത്തട്ടിപ്പിനിരയായ കര്‍ഷകന്റെ ആത്മഹത്യയ്ക്ക് പിന്നാലെയാണ് തട്ടിപ്പ് വിവരങ്ങൾ പുറത്തുവരുന്നത്. മരിച്ച രാജേന്ദ്രന്റെ പേരില്‍ രണ്ട് വായ്പകളുണ്ട്. കുടിശ്ശികയടക്കം 46.58 ലക്ഷം രൂപ തിരിച്ചടയ്ക്കാനുണ്ടെന്നായിരുന്നു ബാങ്ക് അധികൃതര്‍ പറഞ്ഞിരുന്നത്. എന്നാൽ, സ്ഥലം പണയപ്പെടുത്തി 70,000 രൂപയാണ് രാജേന്ദ്രൻ വായ്പയെടുത്തിരുന്നത്. തട്ടിപ്പ് നടക്കുന്ന ഘട്ടത്തില്‍ പ്രസിഡന്റായിരുന്നു എബ്രഹാം. എബ്രഹാമിന്റെ നേതൃത്വത്തില്‍ രാജേന്ദ്രന്റെ പേരില്‍ വന്‍തുക കൈപ്പറ്റിയെന്നായിരുന്നു ആരോപണം.

കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇഡി അന്വേഷണം തുടങ്ങിയത്. മുമ്പ് സഹകരണവകുപ്പും വിജിലന്‍സും നടത്തിയ അന്വേഷണത്തില്‍ ബാങ്കില്‍ എട്ടുകോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തിയിട്ടുണ്ട്. വായ്പത്തട്ടിപ്പുമായി ബന്ധപ്പെട്ട് ലോക്കല്‍ പോലീസും കേസ് രജിസ്റ്റര്‍ചെയ്തിട്ടുണ്ട്. വായ്പത്തട്ടിപ്പുമായി ബന്ധപ്പെട്ട് പുല്പള്ളി സഹകരണബാങ്കിലും പ്രതികളുടെ വീടുകളിലും ഇഡി ജൂണ്‍ ആദ്യവാരം പരിശോധന നടത്തിയിരുന്നു.

വായ്പത്തട്ടിപ്പ് കേസില്‍ റിമാന്‍ഡിലായതിനെത്തുടര്‍ന്നാണ് കെ.കെ. എബ്രഹാം കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചത്. വിജിലന്‍സ് രജിസ്റ്റര്‍ചെയ്ത കേസില്‍ കെ കെ. അബ്രഹാം ഉള്‍പ്പെടെയുള്ള ഭരണസമിതിയംഗങ്ങളും ജീവനക്കാരുമടക്കം പത്തു പ്രതികളാണുള്ളത്.

Related Articles

Latest Articles