കൊച്ചി : വിവാദമായ സിഎംആര്‍എല്‍ – എക്സാലോജിക് മാസപ്പടിക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നിര്‍ണായക നടപടികളിലേക്ക് കടക്കുന്നു. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മുഹമ്മദ് റിയാസ്, വീണ എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി, സംസ്ഥാന സംസ്ഥാന പോലീസ് മേധാവിക്ക് (ഡിജിപി) കത്തയച്ചു.
പിഎംഎല്‍എ (PMLA) നിയമത്തിലെ സെക്ഷന്‍ 66 പ്രകാരം അന്വേഷണത്തില്‍ കണ്ടെത്തിയ തെളിവുകളുടെ വിശദാംശങ്ങള്‍ കൈമാറിക്കൊണ്ടാണ് ഇഡി നിര്‍ദേശം നല്‍കിയിരിക്കുന്നത്. പ്രാഥമിക കുറ്റകൃത്യമായി പോലീസ് കേസെടുക്കുന്നതോടെ മാസപ്പടി കേസില്‍ കൂടുതല്‍ ശക്തമായ തുടര്‍നടപടികളിലേക്ക് കടക്കാന്‍ ഇഡിക്ക് സാധിക്കും. ഇതില്‍ സംസ്ഥാന സര്‍ക്കാരും പോലീസും ഇനി എന്ത് നിലപാടായിരിക്കും സ്വീകരിക്കുക എന്നത് നിര്‍ണായകമാണ്.
കേസില്‍ ഈ വര്‍ഷം മെയ് മാസം മുതല്‍ പുനഃരന്വേഷണം ആരംഭിച്ച ഇഡി, പിണറായിയുടെ വസതിയിലടക്കം രണ്ട് തവണ റെയ്ഡുകള്‍ നടത്തുകയും വീണയെ ചോദ്യം ചെയ്യലിനായി വിളിപ്പിക്കുകയും ചെയ്തിരുന്നു. കൂടാതെ മുഹമ്മദ് റിയാസുമായി ബന്ധമുള്ള സുഹൃത്തുക്കളിലേക്കും അന്വേഷണം നീണ്ടിരുന്നു. ശശിധരന്‍ കര്‍ത്തയുടെ മൊഴിയും കേസില്‍ വീണ തിരിച്ചടി നേരിട്ടിരുന്നു. വീണയുടെ കമ്പനി എക്സാലോജിക് സിഎംആര്‍എല്ലിന് സേവനങ്ങള്‍ ഒന്നും നല്‍കിയിട്ടില്ലെന്നായിരുന്നു ശശിധരന്‍ കര്‍ത്തയുടെ മൊഴി. 2.78 കോടി രൂപ അനധികൃതമായി ഒരു സേവനവും നല്‍കാതെ സിഎംആര്‍എല്ലില്‍ നിന്ന് എക്സാലോജിക് കൈപ്പറ്റിയെന്നതാണ് ഇഡിയുടെ കണ്ടെത്തല്‍. സംഭവം കള്ളപ്പണം വെളുപ്പിക്കല്‍ പരിധിയില്‍ ഉള്‍പ്പെടുന്നതാണെന്നും ഇഡി വ്യക്തമാക്കിയിരുന്നു.

