Wednesday, May 15, 2024
spot_img

കരുവന്നൂർ തട്ടിപ്പിൽ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ ഇ ഡി; അപേക്ഷ ഇന്ന് കോടതിയിൽ; സിപിഎം നേതാവ് പി ആർ അരവിന്ദാക്ഷന് ഞെട്ടിപ്പിക്കുന്ന ദുരൂഹ സാമ്പത്തിക ഇടപാടുകളെന്ന്‌ റിമാൻഡ് റിപ്പോർട്ട്

തൃശ്ശൂർ: കരുവന്നൂർ കേസിൽ അറസ്റ്റിലായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാനുള്ള ഇ ഡി യുടെ അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. മൂന്നു ദിവസത്തെ കസ്റ്റഡിയാണ് ഇ ഡി ആവശ്യപ്പെടുന്നത്. സിപിഎം അത്താണി ലോക്കൽ കമ്മിറ്റി അംഗവും നഗരസഭാ കൗൺസിലറും ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ പി ആർ അരവിന്ദാക്ഷനും കരുവന്നൂർ ബാങ്ക് മുൻ ചീഫ് അക്കൗണ്ടന്റ് സി കെ ജിൽസുമാണ് ഇന്നലെ അറസ്റ്റിലായത്. പി ആർ അരവിന്ദാക്ഷന്റെ അറസ്റ്റ് കരുവന്നൂർ കേസിലെ ആദ്യ രാഷ്ട്രീയ അറസ്റ്റാണ്. ഇതിനെ അതീവ പ്രാധാന്യത്തോടെയാണ് ഇ ഡി കാണുന്നത്. അരവിന്ദാക്ഷന് ഞെട്ടിപ്പിക്കുന്ന സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു എന്ന് ഇ ഡി സ്ഥിരീകരിക്കുന്നു. കരുവന്നൂർ കേസിലെ പ്രധാന പ്രതികളായ പി സതീഷ് കുമാറുമായും പി പി കിരണുമായും ഇയാൾക്ക് സാമ്പത്തിക ഇടപാടുകളുണ്ട്. 2017 മുതൽ 2019 വരെയുള്ള ഇയാളുടെ സാമ്പത്തിക ഇടപാടുകൾ ദുരൂഹമാണ്. നിരവധി ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ചാണ് കള്ളപ്പണം വെളുപ്പിക്കൽ നടത്തിയിട്ടുണ്ട്. സാമ്പത്തിക തട്ടിപ്പിൽ അരവിന്ദാക്ഷൻ നേരിട്ട് പങ്കാളിയെന്ന് ഇ ഡി വിലയിരുത്തുന്നു.

മുൻ മന്ത്രി എ സി മൊയ്തീന്റെ അടുപ്പക്കാരനാണ് അരവിന്ദാക്ഷൻ. ഇദ്ദേഹത്തെ ഇ ഡി നേരത്തെ ചോദ്യം ചെയ്തിരുന്നതാണ്. ആ ഘട്ടത്തിൽ ഇ ഡി ഉദ്യോഗസ്ഥർ തന്നെ മർദ്ദിച്ചു എന്ന ആരോപണവും ഉയർത്തിയിരുന്നു. ഇയാളുടെ മൊഴി വിശദമായി പരിശോധിക്കുകയും തെളിവുകൾ കണ്ടെത്തുകയും ചെയ്തതിനു ശേഷം ഇന്നലെ അരവിന്ദാക്ഷനെ അദ്ദേഹത്തിന്റെ വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്‌തത്‌. കേസിൽ അറസ്റ്റ് ചെയ്യപ്പെടുന്ന ആദ്യ സിപിഎം നേതാവാണ് അരവിന്ദാക്ഷൻ. സിപിഎം സംസ്ഥാന സമിതി അംഗങ്ങളായ എ സി മൊയ്‌തീനെയും എം കെ കണ്ണനെയും ഇ ഡി ചോദ്യം ചെയ്‌തിരുന്നു. രണ്ടാം ഘട്ട ചോദ്യം ചെയ്യലിനായി എ സി മൊയ്‌തീനെ ഇ ഡി വിളിപ്പിച്ചിരുന്നെങ്കിലും ഇതുവരെ ഹാജരായിട്ടില്ല.

Related Articles

Latest Articles