കോഴിക്കോട്: ചെറുവണ്ണൂര്‍ ഹൈസ്കൂളിലെ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് മുറിയും അടിസ്ഥാന സൗകര്യവുമൊരുക്കാനായി സ്കൂൾ പിടിഎ നടത്തിയ ബിരിയാണി ചലഞ്ചിന് തടയിട്ട് വിദ്യാഭ്യാസ വകുപ്പ്. ബിരിയാണി ചലഞ്ച് സംഘടിപ്പിച്ച പിടിഎ ഭാരവാഹികൾ യുഡിഎഫ് അനുഭാവികൾ ആയതിനാൽ സിപിഎമ്മാണ് പരിപാടി തടഞ്ഞതെന്നാണ് ശക്തമായ ആരോപണം.
ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക ക്ലാസ് മുറിയും അടിസ്ഥാന സൗകര്യവുമൊരുക്കാനുള്ള പദ്ധതിക്ക് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ഇതിനായി അഞ്ച് ലക്ഷത്തോളം രൂപയും സംഘാടകർ പിരിച്ചെടുത്തു. ബിരിയാണി വിതരണം ചെയ്യാനായി ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാവുകയും ചെയ്തിരുന്നു. അതിനിടെയാണ് ബിരിയാണി ചലഞ്ച് ഉപേക്ഷിക്കണമെന്ന് നിർദ്ദേശിച്ച് ഡി ഡി ഇ പ്രധാനാദ്ധ്യാപികയ്ക്ക് ഇ- മെയില്‍ അയച്ചത്. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയ ശേഷം പരിപാടി നിർത്തിവെക്കാനുള്ള തീരുമാനം സംഘാടകരെ പ്രതിസന്ധിയിലാക്കി. പിരിച്ചെടുത്ത പണം തിരികെ ആളുകള്‍ക്ക് നല്‍കാനാണ് ഇപ്പോൾ തീരുമാനിച്ചിട്ടുള്ളത്. യുഡിഎഫ് അനുഭാവികള്‍ പിടിഎ ഭാരവാഹികളായതോടെ സിപിഎം ജനപ്രതിനിധികളുടെ ഇടപെടലാണ് പരിപാടി നിര്‍ത്തിവെപ്പിക്കാനിടയായതെന്നാണ് ഉയരുന്ന ആരോപണം. എന്നാല്‍ സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ പണി പൂർത്തിയാവാനിരിക്കെ ഇതിന്റെ ആവശ്യമില്ലെന്നും രക്ഷിതാക്കളുടെ പരാതിയിന്മേലാണ് നടപടിയെന്നും സിപിഎം അറിയിച്ചു.

