Monday, September 21, 2026

വിദ്യാർത്ഥിനികൾക്ക് ശിരോവസ്ത്രം ധരിക്കാൻ അവകാശമുണ്ട് എന്നാൽ അത് ഒരിക്കലും അവരുടെ മുഖം മറച്ചാവരുത് ! ഫ്രാൻസിന് പിന്നാലെ സ്‌കൂളുകളിൽ മുഖം മറയ്ക്കുന്ന നിഖാബ് ധരിക്കുന്നത് വിലക്കിക്കൊണ്ട് ഈജിപ്ത് ഉത്തരവിറക്കി

കെയ്‌റോ : ഈജിപ്തിലെ സർക്കാർ സ്‌കൂളുകളിൽ മുഖം മറയ്ക്കുന്ന നിഖാബ് ധരിക്കുന്നത് വിലക്കിക്കൊണ്ട് സർക്കാർ ഉത്തരവിറക്കി. ഈ മാസം 30 ശനിയാഴ്ച ആരംഭിക്കുന്ന പുതിയ അദ്ധ്യയന വർഷം മുതൽ ഉത്തരവ് പ്രാബല്യത്തിൽ വരും. ഈജിപ്ത് വിദ്യാഭ്യാസ മന്ത്രി റെഡ ഹെഗാസി ഉത്തരവ് പുറത്തിറങ്ങിയതായി സ്ഥിരീകരിച്ചു. വിദ്യാർത്ഥിനികൾക്ക് ശിരോവസ്ത്രം ധരിക്കാൻ അവകാശമുണ്ടെന്നും എന്നാൽ അത് ഒരിക്കലും അവരുടെ മുഖം മറച്ചാവരുതെന്നും അദ്ദേഹം വ്യക്തമാക്കി.

സ്കൂളുകളിൽ നിഖാബ് നിരോധിക്കാനുള്ള തീരുമാനത്തിൽ സമൂഹ മാദ്ധ്യമങ്ങളിൽ വൻ പ്രതികരണമാണ് ലഭിക്കുന്നത്.രാജ്യത്ത് നിരവധി പൊതു, സ്വകാര്യ സ്ഥാപനങ്ങൾ നിഖാബ് ധരിക്കുന്നതിന് ഇതിനകം തന്നെ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ മാസം സ്‌കൂളുകളിൽ മുസ്ലിം മതപര വസ്ത്രമായ അബായ നിരോധിച്ചതിന് പിന്നാലെ വിലക്ക് വകവയ്ക്കാതെ അബായ ധരിച്ചെത്തിയ വിദ്യാർത്ഥിനികളെ ഫ്രാൻസിലെ സ്കൂളുകൾ തിരിച്ചയച്ചത് വാർത്തയായിരുന്നു. മുന്നോറോളം കുട്ടികളാണ് അന്ന് സ്കൂളുകളിൽ അബായ ധരിച്ചെത്തിയത്. സ്കൂളിലെ വസ്ത്രധാരണ നിയമങ്ങൾ അറിയിച്ചതോടെ പലരും അബായ മാറ്റാൻ തയ്യാറായെങ്കിലും 67 വിദ്യാർത്ഥിനികൾ അബായ മാറ്റാൻ തയ്യാറായില്ല. ഈ കുട്ടികളെയാണ് തിരികെ അയച്ചത് എന്നാണ് ലഭിക്കുന്ന വിവരം. ഫ്രഞ്ച് വിദ്യാഭ്യാസ മന്ത്രി ഗബ്രിയേൽ അത്താൽ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു

വിദ്യാഭ്യാസ മേഖലയിൽ ഉണ്ടായിരിക്കേണ്ട മതേതരത്വത്തിന് എതിരാണ് ഇത്തരം വസ്ത്രങ്ങളെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നിരോധനം. ഒരു ക്ലാസ് മുറിയിലേക്ക് ചെല്ലുമ്പോൾ വിദ്യാർഥികളെ അവരുടെ മതം കൊണ്ടല്ല തിരിച്ചറിയേണ്ടതെന്നും അബായ ധരിച്ച് വിദ്യാർത്ഥികൾ സ്കൂളിൽ എത്തരുതെന്നും നേരത്തെ ഒരു പ്രാദേശിക മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അത്താൽ പറഞ്ഞിരുന്നു. അഞ്ച് ദശലക്ഷം മുസ്ലിം മതവിശ്വാസികളാണ് ഫ്രാൻസിലുള്ളതെന്നാണ് കണക്കുകൾ.

Related Articles

Latest Articles