തൃശൂർ: അതിരപ്പിള്ളിയിൽ പുഴയിൽ കുളിക്കുന്നതിനിടെ അപകടം.എട്ട് വയസുകാരന് ദാരുണാന്ത്യം.അതിരപ്പിള്ളി വെറ്റിലപ്പാറയ്ക്ക് സമീപം ചാലക്കുടി പുഴയിൽ കുളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. തമിഴ്നാട് കൃഷ്ണഗിരി സ്വദേശിയായ മോനീശ്വരൻ ആണ് മരിച്ചത്. കുടുംബത്തിനൊപ്പമാണ് എട്ട് വയസുകാരൻ കുളിക്കാനിറങ്ങിയത്.ശബരിമലയ്ക്ക് പോകുംവഴിയാണ് കുളിക്കാനായി പുഴയിലിറങ്ങിയത്.
സംഘത്തിൽ മോനീശ്വരനൊപ്പം മറ്റൊരു കുട്ടിയുമുണ്ടായിരുന്നു. പുഴയിൽ ഇറങ്ങിയപ്പോൾ ഇരുവരും ഒരു ഭാഗത്തേക്ക് നീങ്ങിയിരുന്നു. അതിനിടെയാണ് എട്ട് വയസുകാരൻ അപകടത്തിൽപ്പെട്ടത്. മുങ്ങിത്താഴുന്നത് കണ്ട ഒപ്പമുണ്ടായിരുന്ന രണ്ടാമത്തെ കുട്ടിയാണ് മാതാപിതാക്കളോട് വിവരം പറഞ്ഞത്. മുതിർന്നവർ പെട്ടെന്നു തന്നെ കുട്ടിയെ രക്ഷിച്ചെങ്കിലും അനക്കമൊന്നുമുണ്ടായിരുന്നില്ല. ആശുപത്രിയിലെത്തിയ ശേഷം മരണം സ്ഥിരീകരിച്ചു.

