തിരുവനന്തപുരം: സംസ്ഥാനത്ത് ഏറെ കോളിളക്കമുണ്ടാക്കിയ അഞ്ച് എസ്എഫ്‌ഐ നേതാക്കള്‍ ഉള്‍പ്പെട്ട പി.എസ്.സി പരീക്ഷാത്തട്ടിപ്പ് കേസിൽ പോലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കോടതി മടക്കി. തൊണ്ടിമുതലുമായി ബന്ധപ്പെട്ട രേഖകളിൽ വ്യക്തതയില്ല എന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്.
കേസിനാസ്പദമായ സംഭവം നടന്ന് നാലു വര്‍ഷങ്ങള്‍ക്കു ശേഷം കഴിഞ്ഞയാഴ്ചയായിരുന്നു പോലീസ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം ബുധാനാഴ്ചയും വ്യാഴാഴ്ചയുമായാണ് കോടതി പരിശോധിച്ചത്. തൊണ്ടിമുതലുമായി ബന്ധപ്പെട്ട രേഖകളില്‍ വ്യക്തതയില്ലെന്ന് നിരീക്ഷിച്ച കോടതി കുറ്റപത്രം അപൂര്‍ണമാണെന്ന് കാട്ടി അന്വേഷണസംഘത്തിന് മടക്കി അയക്കുകയായിരുന്നു.
രേഖകളില്‍ വ്യക്തത വരുത്തിയതിനു ശേഷമേ കുറ്റപത്രം കോടതി സ്വീകരിക്കുകയുള്ളൂ. കേസിലെ സുപ്രധാന തെളിവായ മൊബൈല്‍ഫോണടക്കമുള്ള തൊണ്ടിമുതലുകളേ പറ്റിയുള്ള രേഖകളിലെ അവ്യക്തത പ്രതികളെ കേസില്‍ നിന്ന് രക്ഷപ്പെടുത്താനാണെന്നാണ് ആക്ഷേപം.

