Friday, September 18, 2026

എൽ നിനോ ചതിച്ചു ! വരൾച്ച പ്രതിസന്ധിയിൽ പനാമ കനാൽ, കപ്പൽ ഗതാഗതം വെട്ടിക്കുറയ്ക്കാൻ തീരുമാനം, ഇന്ത്യയ്ക്കും തിരിച്ചടി ?

പനാമ : ലോകമെമ്പാടുമുള്ള സമുദ്ര വാണിജ്യത്തിന്റെ അഞ്ച് ശതമാനത്തോളം കൈകാര്യം ചെയ്യുന്ന പനാമ കനാൽ കടുത്ത പ്രതിസന്ധിയിലേക്ക്. എൽ നിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ രൂക്ഷമായ വരൾച്ചയെത്തുടർന്ന് കനാലിലൂടെയുള്ള കപ്പലുകളുടെ ഗതാഗതം ഗണ്യമായി വെട്ടിക്കുറയ്ക്കാൻ കനാൽ അതോറിറ്റി തീരുമാനിച്ചു. അറ്റ്ലാന്റിക്, പസഫിക് സമുദ്രങ്ങളെ ബന്ധിപ്പിക്കുന്ന ഈ തന്ത്രപ്രധാനമായ ജലപാതയെ ആശ്രയിക്കുന്ന ആഗോള ചരക്കുനീക്കത്തിന് പുതിയ തീരുമാനം വലിയ തിരിച്ചടിയാകും.

കനാലിലെ ജലനിരപ്പ് താഴ്ന്നതിനെത്തുടർന്ന് അടുത്ത മാസം മുതൽ കടന്നുപോകാവുന്ന കപ്പലുകളുടെ എണ്ണം കുറയ്ക്കാനാണ് ഓപ്പറേറ്റർമാരുടെ തീരുമാനം. സെപ്റ്റംബർ മൂന്ന് മുതൽ ദിവസേന കടന്നുപോകുന്ന കപ്പലുകളുടെ എണ്ണം മുപ്പത്തിയാറിൽ നിന്ന് മുപ്പത്തിനാലായി കുറയും. തുടർന്ന് സെപ്റ്റംബർ പതിനഞ്ചിന് ശേഷം ഇത് മുപ്പത്തിരണ്ടായി വീണ്ടും കുറയ്ക്കുമെന്ന് പനാമ കനാൽ അതോറിറ്റി വ്യക്തമാക്കി. കനാലിന് ജലം നൽകുന്ന കൃത്രിമ തടാകങ്ങളിലെ ജലനിരപ്പ് ആശങ്കാജനകമായ രീതിയിൽ കുറഞ്ഞതാണ് ഈ അടിയന്തര നടപടിക്ക് കാരണം.

മധ്യഅമേരിക്കയിൽ നിലനിൽക്കുന്ന കടുത്ത വരൾച്ചയാണ് ജലനിരപ്പ് താഴാൻ കാരണം. പസഫിക് സമുദ്രത്തിലെ ഉപരിതല താപനില ഉയർത്തുന്ന എൽ നിനോ പ്രതിഭാസം കാറ്റിന്റെയും മഴയുടെയും ഗതിയെ പൂർണ്ണമായി മാറ്റിമറിച്ചിരിക്കുകയാണ്. മെയ് മുതൽ ആഗസ്റ്റ് വരെയുള്ള കാലയളവിൽ കനാൽ പ്രദേശത്ത് ലഭിക്കേണ്ട മഴയിൽ മുപ്പത്തിനാല് ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കനാലിന്റെ ജലസംഭരണ മേഖലകളിൽ പ്രതീക്ഷിച്ചത്ര മഴ ലഭിക്കാത്തത് ജലപാതയുടെ ദീർഘകാല സുസ്ഥിരതയെ ബാധിക്കുമെന്ന വിലയിരുത്തലിലാണ് അതോറിറ്റി കർശന നിയന്ത്രണങ്ങളിലേക്ക് നീങ്ങിയിരിക്കുന്നത്.

അമേരിക്കയുടെ കണ്ടെയ്നർ ഗതാഗതത്തിന്റെ നാല്‍പ്പത് ശതമാനവും പനാമ കനാൽ വഴിയാണ് നടക്കുന്നത്. ചൈനയും ഏഷ്യൻ രാജ്യങ്ങളും തമ്മിലുള്ള ചരക്കുനീക്കത്തിന് വലിയ തോതിൽ സമയം ലാഭിച്ചു നൽകുന്നതുകൊണ്ട് വലിയ റീട്ടെയിലർമാരും ഊർജ്ജ കമ്പനികളും ഈ പാതയാണ് പ്രധാനമായും ആശ്രയിക്കുന്നത്. എന്നാൽ ജലനിരപ്പ് കുറഞ്ഞത് കാരണം വലിയ കപ്പലുകളുടെ ഭാരം പരിശോധിക്കുന്ന മാക്സിമം ഡ്രാഫ്റ്റ് ഇതിനോടകം തന്നെ കുറച്ചിരുന്നു. കപ്പലുകൾക്ക് കാത്തിരിപ്പ് സമയം വർദ്ധിക്കുമെന്നും മുൻകൂട്ടി ബുക്ക് ചെയ്യാതെ എത്തുന്നവർക്ക് ഇത് കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്. മഴയുടെ ലഭ്യത അനുസരിച്ച് വരും ദിവസങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സാധ്യതയുണ്ടെന്നും പനാമ കനാൽ അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യയിൽ നിന്ന് അമേരിക്കയുടെ കിഴക്കൻ തീരങ്ങളിലേക്കും ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലേക്കും അയക്കുന്ന കയറ്റുമതി ഉൽപ്പന്നങ്ങളുടെ ചരക്കുകൂലി വർദ്ധിക്കാൻ ഈ സാഹചര്യം കാരണമാകുന്നുണ്ട്. അതുപോലെ തന്നെ അവിടങ്ങളിൽ നിന്നുള്ള ഇറക്കുമതിച്ചെലവും ഉയരുന്നു. ദീർഘകാലമായി തുടരുന്ന ഈ പ്രതിസന്ധി ഒഴിവാക്കാൻ പല ഷിപ്പിംഗ് കമ്പനികളും ആഫ്രിക്കൻ മുനമ്പ് ചുറ്റിയുള്ള ബദൽ മാർഗ്ഗങ്ങൾ തേടാൻ നിർബന്ധിതരാകുന്നുണ്ട്. ഇത് യാത്രാദൂരവും സമയവും ഇന്ധനച്ചെലവും ഇരട്ടിയാക്കുന്നു. ആഗോള വിപണിയിൽ ചരക്കുനീക്കച്ചെലവ് വർദ്ധിക്കുന്നത് ഇന്ത്യയുടെ ഉൽപ്പന്നങ്ങളുടെ മത്സരശേഷിയെയും പ്രതികൂലമായി ബാധിച്ചേക്കാം.

Related Articles

Latest Articles