Thursday, March 28, 2024
spot_img

നാല് സംസ്ഥാനങ്ങളില്‍ നിന്നുള്ള 16 രാജ്യസഭാ സീറ്റിലേക്കുള്ള വോട്ടെടുപ്പ് ഇന്ന് നടക്കും, ഇന്ന് തന്നെ ഫലമറിയാം

നാല് സംസ്ഥാനങ്ങളില്‍ നിന്നുള്ള 16 രാജ്യസഭാ സീറ്റിലേക്കുള്ള വോട്ടെടുപ്പ് ഇന്ന് നടക്കും. ഇന്ന് തന്നെ ഫലമറിയാം. ഹരിയാന, രാജസ്ഥാന്‍, മഹാരാഷ്ട്ര, കര്‍ണാടക സംസ്ഥാനങ്ങളിലെ 16 സീറ്റുകളിലേക്കാണ് വെള്ളിയാഴ്ച തിരഞ്ഞെടുപ്പ് നടക്കുന്നത്. ഒഴിവുവന്ന 57 രാജ്യസഭാ സീറ്റുകളില്‍ ഉത്തര്‍പ്രദേശ്, തമിഴ്നാട്, ബീഹാര്‍, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, ഒഡീഷ, ഛത്തീസ്ഗഡ്, പഞ്ചാബ്, തെലങ്കാന, ജാര്‍ഖണ്ഡ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ 41 സ്ഥാനാര്‍ത്ഥികള്‍ കഴിഞ്ഞ വെള്ളിയാഴ്ച തന്നെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ലോക്സഭയില്‍ നിന്ന് വ്യത്യസ്തമായി, ഭരണകക്ഷിയായ എന്‍ ഡി എയ്ക്ക് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയിലെ സന്തുലിതാവസ്ഥ ഈ ഫലം നിര്‍ണ്ണയിക്കുമെന്നതിനാല്‍ രാഷ്ട്രീയ ലോകം തെരഞ്ഞെടുപ്പിനെ ഉറ്റുനോക്കുന്നുണ്ട്. കര്‍ണാടകയിലും രാജസ്ഥാനിലും ഇതിനോടകം എം എല്‍ എമാരെ റിസോര്‍ട്ടിലാക്കിയിരിക്കുകയാണ്. തെരഞ്ഞെടുപ്പ് നടക്കുന്ന നാല് സംസ്ഥാനങ്ങളിലും സ്വതന്ത്രരുടെയും ചെറുപാര്‍ട്ടികളുടെയും നിലപാട് നിര്‍ണായകമാകും.

മഹാരാഷ്ട്രയിലെ ആറ് സീറ്റില്‍ ഏഴ് സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നുണ്ട്. ബി ജെ പിയ്ക്ക് ഇവിടെ രണ്ട് സീറ്റില്‍ ജയമുറപ്പാണ്. മഹാവികാസ് അഘാഡിയിലെ കോണ്‍ഗ്രസ്, എന്‍ സി പി, ശിവസേന എന്നിവര്‍ക്ക് ഓരോ സീറ്റിലും ജയിക്കാം. ആറാമത്തെ സീറ്റീലേക്ക് ശിവസേനയും ബി ജെ പിയും സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടുണ്ട്. രാജസ്ഥാനിലും ഹരിയാനയിലും കോണ്‍ഗ്രസ് ബി ജെ പി നേര്‍ക്ക് നേര്‍ പോരാട്ടമാണ്.

ഈ രണ്ട് സംസ്ഥാനങ്ങളിലും ബി ജെ പി മാധ്യമസ്ഥാപന ഉടമകളായ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ ഇറക്കിയിരിക്കുകയാണ് ബി ജെ പി. ഗാന്ധി കുടംബത്തിന്റെ വിശ്വസ്തരെ മത്സരിക്കാന്‍ നിയോഗിച്ചതില്‍ മഹാരാഷ്ട്രയിലും ഹരിയാനയിലും രാജസ്ഥാനിലും കോണ്‍ഗ്രസിനുള്ളില്‍ അതൃപ്തി ഉണ്ട്. കര്‍ണാടകത്തില്‍ ജെ ഡി എസിന് ഉറപ്പുള്ള സീറ്റിലേക്ക് ബി ജെ പിയും കോണ്‍ഗ്രസും സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതും പോരാട്ടം ശക്തമാക്കും എന്ന സൂചനയാണ് നല്‍കുന്നത്.

ഇവിടെ പാര്‍ട്ടികള്‍ തങ്ങളുടെ എം എല്‍ മാരെ റിസോര്‍ട്ടിലേക്ക് മാറ്റിയിരിക്കുകയാണ്. ജെ ഡി എസിന്റെ മുഴുവന്‍ എം എല്‍ എമാരും റിസോര്‍ട്ടിലാണ്. 200 അംഗ നിയമസഭയാണ് രാജസ്ഥാനിലേത്. കോണ്‍ഗ്രസിന് 108 ഉം ബി ജെ പിക്ക് 71 ഉം സീറ്റുകളാണുള്ളത്. 41 വോട്ട് നേടിയാല്‍ ജയിക്കാം എന്നിരിക്കെ കോണ്‍ഗ്രസിന് 2 ഉം ബി ജെ പിക്ക് ഒരു സീറ്റിലും ജയിക്കാം. എന്നാല്‍ നാല് സീറ്റുകളുള്ളതില്‍ അഞ്ച് സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്.

കോണ്‍ഗ്രസിന് മൂന്ന് സ്ഥാനാര്‍ത്ഥികളെയും കൂടി ജയിപ്പിക്കാന് 15 വോട്ട് കൂടുതല്‍ വേണം. മറുപക്ഷത്ത് സ്വന്തം സ്ഥാനാര്‍ത്ഥിക്ക് പുറമെ സീ ന്യൂസ് ഉടമ സുഭാഷ് ചന്ദ്രയെന്ന സ്വതന്ത്രനെ കൂടി ബി ജെ പി പിന്തുണയ്ക്കുന്നുണ്ട്. അങ്ങനെ വരുമ്പോള്‍ ബി ജെ പിക്ക് 11 വോട്ട് കൂടി വേണം. ഇവിടെ ചെറുപാര്‍ട്ടികളുടെയും സ്വതന്ത്രരുടെയും നിലപാട് നിര്‍ണ്ണായകമാകും. ഹരിയാനയില്‍ രണ്ട് രാജ്യസഭ സീറ്റിലേക്കാണ് മത്സരം.

90 അംഗ നിയമസഭയില്‍ 40 സീറ്റുള്ള ബി ജെ പിയ്ക്ക് ഒരു സീറ്റ് ലഭിക്കും. ജയിക്കാന്‍ 31 വോട്ടാണ് വേണമെന്നിരിക്കേ കോണ്‍ഗ്രസിന് 31 സീറ്റ് ആണ് കൃത്യമായുള്ളത്. അജയ് മാക്കന്റെ സ്ഥാനാര്‍ത്ഥിത്വം ഉണ്ടാക്കിയ കൊടുങ്കാറ്റില്‍ ആടിയുലയുകയാണ് ഇവിടെ കോണ്‍ഗ്രസ്. മൂന്ന് എം എല്‍ എമാര്‍ ഹരിയാനയില്‍ പാര്‍ട്ടിയെ വെല്ലുവിളിച്ച് നില്‍ക്കുന്നു.

സ്വന്തം സ്ഥാനാര്‍ത്ഥിക്ക് പുറമെ ന്യൂസ് എക്‌സ് മേധാവി കാര്‍ത്തികേയ ശര്‍മ്മയെ സ്വതന്ത്രനായി ഇറക്കിയിരിക്കുകയാണ് ബി ജെ പി. വിമതരായ മൂന്ന് കോണ്‍ഗ്രസ് എം എല്‍ എമാരുടെ വോട്ടും ജെജപി, ഹരിയാന ലോക് ഹിത് പാര്‍ട്ടി എന്നിവരുടെയും ചില സ്വതന്ത്രുടെയും പിന്തുണ കിട്ടിയാല്‍ ജയിക്കാം എന്നാണ് ബി ജെ പിയുടെ കണക്കുകൂട്ടല്‍. മഹാരാഷ്ട്രയിലും സമാനമാണ് അവസ്ഥ. ഇവിടെ ജയിക്കാന്‍ വേണ്ടത് 42 വോട്ടാണ്.

മഹാ വികാസ് അഘാഡിയ്ക്ക് 152 സീറ്റും ബി ജെ പിയ്ക്ക് 106 സീറ്റുമുണ്ട്. മഹാ വികാസ് അഘാഡിയിലെ എന്‍ സി പി, കോണ്‍ഗ്രസ്, ശിവസേന എന്നിവര്‍ക്ക് ഓരോ സീറ്റില്‍ ജയിക്കാം. ബി ജെ പിയ്ക്ക് രണ്ട് സീറ്റിലും ജയിക്കാം. കര്‍ണ്ണാടകയില്‍ നാല് സീറ്റുകളിലേക്ക് ആറ് സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നുണ്ട്. ജയിക്കാന്‍ വേണ്ടത് 45 വോട്ടുകളാണ്.

ബി ജെ പിക്ക് രണ്ടും, കോണ്‍ഗ്രസിന് ഒന്നും സീറ്റില്‍ ജയിക്കാം. നാലാമത് സീറ്റിലേക്ക് ജയിക്കാം എന്നായിരുന്നു ജെ ഡി എസിന്റെ കണക്ക് കൂട്ടല്‍. എന്നാല്‍ ജെ ഡി എസിനെ പ്രതിരോധത്തിലാക്കാന്‍ കോണ്‍ഗ്രസും ബി ജെ പിയും സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുന്നുണ്ട്.

Related Articles

Latest Articles