ദില്ലി: അഞ്ചാം ഘട്ട തിരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചാരണം ഇന്നവസാനിക്കും. അമേഠിയും റായ്ബറേലിയും അടക്കം 7 സംസ്ഥാനങ്ങളിലെ 51 മണ്ഡലങ്ങള്‍ തിങ്കളാഴ്ച വിധിയെഴുതും. അവസാന മണിക്കൂറുകളില്‍ നേതാക്കളെല്ലാം പ്രചാരണങ്ങളില്‍ സജീവമാണ്. ഇന്ന് അഞ്ച് മണിയോടെ പരസ്യ പ്രചാരണത്തിനുള്ള സമയം അവസാനിക്കും.
ജമ്മു കശ്മീര്‍, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് അഞ്ചാം ഘട്ടത്തോടെ പൂര്‍ത്തിയാകും. ഇത്തവണ ഏറ്റവും കൂടുതല്‍ മണ്ഡലങ്ങളുള്ളത് ഉത്തര്‍പ്രദേശിലാണ്. 14 മണ്ഡലങ്ങള്‍. ബീഹാര്‍, ഝാര്‍ഖണ്ഡ്, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവയാണ് വോട്ടെടുപ്പ് നടക്കുന്ന മറ്റ് സംസ്ഥാനങ്ങള്‍.
രാഹുല്‍ ഗാന്ധിക്കെതിരെ സ്മൃതി ഇറാനി മല്‍സരിക്കുന്ന അമേഠിയില്‍ കൊട്ടിക്കലാശത്തിന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ എത്തും. മണ്ഡലത്തില്‍ റോഡ് ഷോയില്‍ അമിത് ഷാ പങ്കെടുക്കും. പ്രിയങ്ക ഗാന്ധി അമേഠിയിലും റായ് ബറേലിയിലും കേന്ദ്രീകരിച്ചാണ് അഞ്ചാം ഘട്ടത്തില്‍ യുപിയില്‍ പ്രചാരണം നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി യുപിയിലും ബിഹാറിലും ഇന്ന് പ്രചാരണം നടത്തും.

