ആധാർ വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കാനുള്ള നിയമ ഭേദഗതിക്കുള്ള ബിൽ രാജ്യ സഭയും പാസാക്കി. പ്രതിപക്ഷം ഇറങ്ങിപ്പോയി. ലോക്സഭാ തിങ്കളാഴ്ച തന്നെ ചർച്ചക്ക് ശേഷം പാസാക്കിയിരുന്നു. ബിൽ സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിടാൻ പ്രതിപക്ഷ നിർദ്ദേശമുണ്ടായെങ്കിലും സർക്കാർ അംഗീകരിച്ചില്ല. വോട്ടർ പട്ടികയിലെ ഇരട്ടിപ്പുകൾ ഒഴിവാക്കാനും കള്ളവോട്ട് തടയാനുമുള്ള പരിഷ്കാരമാണിതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. അതിനിടെ 2018 ൽ പ്രമുഖ രാഷ്ട്രീയപ്പാർട്ടികളുമായി നടന്ന യോഗത്തിനു ശേഷം വോട്ടർ പട്ടിക ആധാർ സംവിധാനവുമായി ബന്ധിപ്പിക്കണം എന്ന് ബഹുഭൂരിപക്ഷം പാർട്ടികളും ആവശ്യപ്പെട്ടതായുള്ള തെരെഞ്ഞെടുപ്പ് കമ്മീഷന്റെ പ്രസ്താവന ബിജെപി പുറത്തുവിട്ടത് ബില്ലിനെ എതിർക്കുന്ന പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കി.
വോട്ടർമാർ നൽകുന്ന അപേക്ഷയുടെ അടിസ്ഥാനത്തിലാണ് വോട്ടർപ്പട്ടികയിൽ പേര് ചേർക്കുന്നത്. നിയമ ഭേദഗതി നിലവിൽ വന്നാൽ അപേക്ഷയോടൊപ്പം ആധാർ നമ്പറും ഒരു വോട്ടർ സ്വമേധയാ സമർപ്പിക്കണം. എന്നാൽ ആധാർ ഇല്ലാത്തതിന്റെ പേരിൽ ഒരു അപേക്ഷയും നിരസിക്കില്ലെന്ന് നിയമം പറയുന്നു. നിയമ ഭേദഗതി വോട്ടർ പട്ടികയുടെ ദുരുപയോഗവും കള്ളവോട്ടും തടയും.

