Sunday, May 19, 2024
spot_img

ട്വിറ്റർ വാങ്ങാനുള്ള ഇലോൺ മസ്‌കിന്റെ നീക്കം പരാജയത്തിലേക്ക്; 44 ബില്യൺ ഡോളറിന്റെ ഇടപാട് പ്രശ്നത്തിൽ, ചർച്ചകൾ അവസാനിപ്പിച്ചതായി റിപ്പോർട്ട്

ട്വിറ്റർ വാങ്ങാനുള്ള ശതകോടീശ്വരൻ ഇലോൺ മസ്‌കിന്റെ നീക്കം പരാജയത്തിലേക്ക് വഴി തെളിയിച്ചുവെന്ന് റിപ്പോർട്ടുകൾ. ഇടപാടിനെ തുടർന്ന് ഫണ്ടിംഗ് സംബന്ധിച്ച ചില ചർച്ചകളിൽ ഏർപ്പെടുന്നത് മസ്‌ക് അവസാനിപ്പിച്ചു എന്നാണ് ദ വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തത്.

വ്യാജ അക്കൗണ്ടുകളുടെ യഥാർത്ഥ കണക്കുകൾ നൽകിയില്ലെങ്കിൽ ട്വിറ്റർ വാങ്ങാനുള്ള കരാറിൽ നിന്നും പിന്മാറുമെന്ന് ടെസ്‌ല സിഇഒ ഇലോണ്‍ മസ്ക് മുൻപ് വ്യക്തമാക്കിയിരുന്നു . ഇത് പരാമർശിച്ചുകൊണ്ടുള്ള കത്ത് മസ്‌ക് ട്വിറ്ററിന് നൽകിയിരുന്നു.

44 ബില്യൺ ഡോളറിന് ട്വിറ്റർ ഏറ്റെടുക്കാനുള്ള കരാർ ആയെങ്കിലും ഇടപാട് ഗുരുതരമായ പ്രശ്‌നത്തിലാണെന്ന് ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്തു. പ്രതിദിനം 1 ദശലക്ഷം സ്പാം അക്കൗണ്ടുകൾ തടയുന്നുണ്ടെന്ന് ട്വിറ്റർ അവകാശപ്പെട്ടിരുന്നു. ഇതിന്റെ വ്യക്തമായ കണക്കുകളാണ് മസ്‌ക് ആവശ്യപ്പെടുന്നത്. സ്പാം, വ്യാജ അക്കൗണ്ടുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ നൽകാൻ ട്വിറ്റർ തയ്യാറായില്ലെങ്കിൽ, കരാറിൽ നിന്ന് താൻ പുറത്തുപോകുമെന്ന് കഴിഞ്ഞ മാസമാണ് മസ്‌ക് പ്രസ്താവിച്ചത്.

ഏറെ നാളത്തെ ചർച്ചകൾക്ക് വിരാമമിട്ടുകൊണ്ടാണ് മസ്‌ക് ട്വിറ്ററിനെ ഏറ്റെടുക്കാനുള്ള കരാറിലെത്തിയത്. 4,400 കോടി ഡോളറിനാണ് കരാറായത്. ഏറ്റെടുക്കൽ തടയാൻ അവസാന ശ്രമമെന്നോണം പോയ്‌സൺ പിൽ വരെ ട്വിറ്റര്‍ മസ്ക്കിനെതിരെ പ്രയോഗിച്ചെങ്കിലും രക്ഷയില്ലായിരുന്നു. ഇലോണ്‍ മസ്‌ക് വാഗ്ദാനം ചെയ്ത ഓഫറിന് അനുകൂലമായി തീരുമാനമെടുക്കാന്‍ ഓഹരി ഉടമകളില്‍ നിന്ന് ട്വിറ്ററിന് വളരെ അധികം സമ്മര്‍ദമുണ്ടായിരുന്നു.

Related Articles

Latest Articles