Wednesday, May 15, 2024
spot_img

വികാരനിർഭരം ഈ നിമിഷം…! ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിലെ മെഡൽദാന ചടങ്ങിനിടെ വികാരഭരിതനായി നീരജ് ചോപ്ര

ലോക അത്‌ലറ്റിക്സ് ചാംപ്യന്‍ഷിപ്പില്‍ ചരിത്രമെഴുതിയിരിക്കുകയാണ് നീരജ് ചോപ്ര. ഒളിംപിക്സിന് പിന്നാലെ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലും ഇന്ത്യന്‍ പതാക ഉയരങ്ങളില്‍ പാറിച്ച് നീരജ് ചോപ്ര സ്വർണ മെഡല്‍ അണിഞ്ഞു. മെഡല്‍ നേട്ടത്തോടെ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും നീരജ് ചോപ്ര സുവർണ്ണ ലിപികളിൽ എഴുതിച്ചേർത്തു.

ഇപ്പോഴിതാ, ബുഡാപെസ്റ്റിലെ ലോക മീറ്റിലെ ഹൃദയസ്പർശിയായ ഒരു കാഴ്ചയാണ് ശ്രദ്ധ നേടുന്നത്. ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയതിന് ശേഷം ഇന്ത്യൻ ദേശീയ ഗാനം ആലപിക്കുന്നതിനിടെ നീരജ് ചോപ്രയ്‌ക്കുണ്ടായ വികാരങ്ങൾ ഹൃദയ സ്പർശിയായ കാഴ്ചയാണ്. മറ്റ് മത്സരാർത്ഥികൾക്കൊപ്പം വേദിയിൽ നിൽക്കുമ്പോൾ നീരജ് ചോപ്രയുടെ മുഖം സന്തോഷഭരിതമായിരുന്നു. എന്നാൽ, ഇന്ത്യൻ ദേശീയ ഗാനം ആലപിച്ചപ്പോൾ, താരത്തിന് തന്റെ വികാരങ്ങളെ നിയന്ത്രിക്കാനായില്ല. നീരജ് ചോപ്രയുടെ അസാധാരണമായ വികാരപ്രകടനം, അദ്ദേഹത്തിന്റെ തീവ്രമായ ദേശീയ അഭിമാനത്തിന്റെയും അടുപ്പത്തിന്റെയും പ്രതിഫലനം തന്നെയാണ്. താരത്തിന്റെ പരിശ്രമത്തിന്റെയും പ്രതിബദ്ധതയുടെയും പ്രതിഫലനം തന്നെയാണ് ഇപ്പോൾ നേടിയിരിക്കുന്ന ഈ വിജയം. അതിലൂടെ നീരജ് ചോപ്ര ഇന്ത്യയെ അന്താരാഷ്ട്രതലത്തിൽ എത്തിച്ചിരിക്കുകയാണ്.

അതേസമയം, ബുഡാപെസ്റ്റിലെ ലോക മീറ്റില്‍ 88.17 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ പായിച്ചാണ് നീരജ് ചോപ്രയുടെ സ്വര്‍ണ നേട്ടം. ആദ്യശ്രമം ഫൗളായത് ആരാധകരെ അല്‍പം ആശങ്കയിലാക്കിയെങ്കിലും രണ്ടാം ശ്രമത്തില്‍ നീരജ് സ്വര്‍ണം എറിഞ്ഞിടുകയായിരുന്നു. ലോക അത്‍ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ നീരജ് ചോപ്രയുടെ രണ്ടാം മെഡലാണിത്. കഴിഞ്ഞ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടിയിരുന്നു. അതേസമയം, പാക്കിസ്ഥാന്‍റെ അര്‍ഷാദ് നദീം വെള്ളി നേടി. 87.82 മീറ്റര്‍ ജാവലിന്‍ പായിച്ചാണ് അര്‍ഷാദ് നദീം വെള്ളി സ്വന്തമാക്കിയത്. ചെക്ക് റിപ്പബ്ലിക്കിന്‍റെ യാക്കൂബാണ് വെങ്കലം കരസ്ഥമാക്കിയത്. ഇന്ത്യയുടെ കിഷോര്‍ കുമാര്‍ ജന അഞ്ചാം സ്ഥാനത്തും ഡി.പി.മനു ആറാം സ്ഥാനത്തുമെത്തി.

Related Articles

Latest Articles