Monday, April 29, 2024
spot_img

മറ്റൊരു ക്ഷേത്രത്തിനും അവകാശപ്പെടാനാകാത്ത ചൈതന്യം ! ഗുരുവായൂർ ക്ഷേത്രത്തിലെ ഉത്രാടം കാഴ്ചക്കുല സമർപ്പണം ഭക്തി സാന്ദ്രം

പൊന്നോണത്തിന്റെ വരവറിയിച്ചുള്ള ഉത്രാടം ദിനമായ ഇന്ന് ശ്രീഗുരുവായൂരപ്പന് തിരുമുല്‍ക്കാഴ്‌ച്ചയായി ഭക്തരുടെ ഉത്രാട കാഴ്‌ച്ചക്കുല സമര്‍പ്പണം രാവിലെ നടന്നു. ക്ഷേത്രത്തിനകത്ത് കൊടിമര ചുവട്ടിലാണ് കാഴ്ചക്കുല സമർപ്പണ ചടങ്ങ് നടന്നത്. നിസ്വാര്‍ത്ഥ ഭക്തിയുടെ നിറവിലും, ഹരിനാമ കീര്‍ത്തനങ്ങളുടെ മന്ത്രധ്വനിയിലുമാണ് ഉത്രാടദിനത്തില്‍ കരുണാമയന്റെ അകത്തളത്തില്‍ കാഴ്‌ച്ചക്കുല സമര്‍പ്പണം നടന്നത്.

രാവിലെ ഉഷപൂജക്കും ശീവേലിക്കു ശേഷം കൊടിമര ചുവട്ടിൽ, ക്ഷേത്രം മേൽശാന്തി, ശാന്തിയേറ്റ കിഴ്ശാന്തിമാർ, ക്ഷേത്രം ഊരാളൻ ബ്രഹ്മശ്രീ. മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളിധരൻ, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ, ദേവസ്വം ഭരണസമിതി അംഗങ്ങൾ, അഡ്മിനിസ്ട്രേറ്റർ, ഭക്തജനങ്ങൾ എന്നിവർ ശ്രീ ഗുരുവായൂരപ്പന് കാഴ്ചക്കുലകൾ സമർപ്പിച്ചു. ഇത്തവണ ഭക്തജനങ്ങൾക്ക് കാഴ്ചകുല സമർപ്പണത്തിന് ദേവസ്വം വിപുലമായ സംവിധാനമാണ് ഒരുക്കിയിരുന്നത്. ഭക്തജനങ്ങൾക്ക് യാതൊരു തരത്തിലുള്ള പരാതിയോ ബുദ്ധിമുട്ടോ ഉണ്ടാകാതിരിക്കാനും ചടങ്ങു സുഗമമായി നടത്തുന്നതിനും ദേവസ്വം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്ററും, മാനേജർമാരും, മറ്റു ജീവനക്കാരും അതീവ ശ്രദ്ധാലുക്കൾ ആയിരുന്നു.

അതേസമയം, ഗുരുവായൂര്‍ ക്ഷേത്രത്തിലെ കാഴ്‌ച്ചക്കുല സമര്‍പ്പണം മറ്റൊരു ക്ഷേത്രത്തിലും കാണാനാകാത്തവിധം ഭക്തിരസം തുളുമ്പുന്ന കാഴ്ചയാണ്. മേല്‍ശാന്തിയും, ദേവസ്വം ഭരണാധികാരികളും കാഴ്‌ച്ചക്കുല സമര്‍പ്പിച്ച ശേഷം ഇടതടവില്ലാതെ ഭക്തര്‍ കാഴ്‌ച്ചക്കുല സമര്‍പ്പിക്കുന്നതോടെ വാതാലയേശന്റെ തിരുസന്നിധി നിമിഷനേരം കൊണ്ട് സ്വര്‍ണവര്‍ണ ഗോപുരമായി മാറും. അത്താഴപ്പൂജ കഴിഞ്ഞ് നടയടയ്‌ക്കുന്നതുവരെ ഭക്തരുടെ കാഴ്ചക്കുല സമര്‍പ്പണം തുടരും.

പഴയ കാലത്ത് കാഴ്‌ച്ചക്കുലകള്‍ ക്ഷേത്രത്തില്‍ സമര്‍പ്പിച്ചിരുന്നത് ദേവസ്വം ഭൂമി പാട്ടത്തിനെടുത്തവരായിരുന്നു. അതുകൊണ്ട് ‘പാട്ടക്കുലകള്‍’ എന്ന പേരിലായിരുന്നു അന്ന് അറിയപ്പെട്ടിരുന്നത്. പാട്ടഭൂമികള്‍ ഇല്ലാതായപ്പോള്‍ ആ നിലയ്‌ക്കുള്ള കാഴ്‌ച്ചക്കുലകളും ഇല്ലാതായി. പിന്നീട് അത് ഭക്തരുടെ കാഴ്‌ച്ചക്കുല സമര്‍പ്പണമായി മാറുകയായിരുന്നു. ലഭിച്ച പഴക്കുലകളില്‍ ഒരുവിഹിതം ഭഗവാന്റെ ആനകള്‍ക്കും, ഒരുവിഹിതം ഭക്തര്‍ക്ക് നല്‍കുന്ന തിരുവോണസദ്യക്ക് പഴപ്രഥമനുമായി നീക്കിവെക്കും. ബാക്കിവന്ന കുലകള്‍ ക്ഷേത്രത്തിന് പുറത്തുവെച്ച് ഭക്തര്‍ക്കായി ലേലം ചെയ്യും.

Related Articles

Latest Articles