Saturday, May 18, 2024
spot_img

പ്ലസ്ടു കോഴക്കേസ്; മുസ്ലിം ലീഗ് നേതാവ് കെ.എം.ഷാജിയെ വീണ്ടും ഇ.ഡി ചോദ്യംചെയ്യുന്നു

കോഴിക്കോട്: മുസ്ലിം ലീഗ് നേതാവ് കെ.എം.ഷാജിയെ വീണ്ടും ഇ.ഡി ചോദ്യംചെയ്യുന്നു(ED Interrogates KM Shaji On Plus Two Bribery Case). പ്ലസ്ടു കോഴക്കേസിലാണ് നടപടി. ഈ കേസില്‍ ഇത് രണ്ടാം തവണയാണ് ഇദ്ദേഹത്തെ ചോദ്യംചെയ്യുന്നത്. പ്ലസ്ടു കോഴ്സ് അനുവദിക്കാനായി കെ.എം ഷാജി എംഎൽഎ അഴീക്കോട് സ്കൂൾ മാനേജ്മെന്റിൽ നിന്നും 25 ലക്ഷം കോഴ വാങ്ങിയെന്നാണ് പരാതി.

അതേസമയം പ്രാഥമിക അന്വേഷണത്തിൽ ഇത് വ്യക്തമായെന്ന് വിജിലൻസ് എഫ്ഐആർ നല്‍കിയിരുന്നു.
സ്കൂളിലെ വരവ് ചെലവ് കണക്കുകൾ പരിശോധിച്ചതിൽ നിന്നും സാക്ഷിമൊഴികളിൽ നിന്നും ഇക്കാര്യം വ്യക്തമാണെന്നും എഫ്ഐആറിൽ പറയുന്നുണ്ട്. എംഎൽഎയ്ക്കെതിരെ വിശദമായ അന്വേഷണം വേണമെന്നും വിജിലൻസ് തലശ്ശേരി കോടതിയിൽ സമർപ്പിച്ച എഫ്ഐആറിലുണ്ട്.

എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമമെന്നും പരാതി രാഷ്ട്രീയ പ്രേരിതമെന്നുമാണ് ആദ്യഘട്ടം മുതല്‍ കെ.എം ഷാജിയുടെ നിലപാട്. കോഴിക്കോട് മാലൂർകുന്നിലെ വീടിന് 1.62 കോടി രൂപ വില വരുമെന്ന് കോർപ്പറേഷൻ ഇഡിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഈ തുക എങ്ങിനെ ലഭിച്ചുവെന്ന് ഷാജിയോട് ഇഡി നേരത്തേ വിശദീകരണം തേടിയിരുന്നു. വീട്ടിൽ നിന്ന് 50 ലക്ഷവും, ഭാര്യ ആശയുടെ വീട്ടിൽ നിന്ന് 50 ലക്ഷവും വീട് വയ്ക്കാൻ ലഭിച്ചുവെന്നായിരുന്നു ഷാജി മൊഴി നല്‍കിയത്.

20 ലക്ഷം രൂപ സുഹൃത്ത് നൽകി. രണ്ട് കാർ വിറ്റപ്പോൾ ലഭിച്ച 10 ലക്ഷവും വീട് നിർമ്മാണത്തിന് ഉപയോഗിച്ചു. അഞ്ച് ജ്വല്ലറികളിൽ ഓഹരി പങ്കാളിത്തം ഉണ്ടായിരുന്നു. ഇത് പിൻവലിച്ചപ്പോൾ കിട്ടിയ തുകയും ലോൺ എടുത്ത തുകയും വീട് പൂർത്തിയാക്കാൻ എടുത്തുവെന്നുമായിരുന്നു ഷാജി മൊഴി നൽകിയിരുന്നത്. അതേസമയം സംഭവത്തിൽ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനാണ് ഷാജിയെ വീണ്ടും വിളിച്ചുവരുത്തിയതെന്ന് ഇ.ഡി.അധികൃതര്‍ അറിയിച്ചു.

Related Articles

Latest Articles