Sunday, May 19, 2024
spot_img

സ്വർണ്ണക്കടത്ത് കേസ്; സ്വപ്നയുടെ വിശദമായ മൊഴിയെടുക്കാൻ എൻഫോഴ്സ്മെന്‍റ്; മൊഴി പരിശോധിച്ച് അന്വേഷണവുമായി മുന്നോട്ട് പോകാൻ കൊച്ചി യൂണിറ്റിന്റെ നിർദ്ദേശം

കൊച്ചി: സ്വർണക്കടത്ത് കേസിൽ സ്വപ്നസുരേഷ് കസ്റ്റംസിന് നൽകിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ കേസിലെ പ്രതി സ്വപ്ന സുരേഷിന്‍റെ വിശദമായ മൊഴി രേഖപ്പെടുത്താൻ എൻഫോഴ്സ്മെന്‍റ് തീരുമാനം. അടുത്തയാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ട് സ്വപ്നയ്ക്ക് നോട്ടീസ് നൽകും. ഇതിനിടെ കസ്റ്റംസിന് മറ്റ് രണ്ട് കേസുകളിലായി സ്വപ്ന സുരേഷ് നൽകിയ രണ്ട് രഹസ്യമൊഴികൾ ആവശ്യപ്പെട്ട് ഇഡി നൽകിയ അപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും. സ്വപ്ന സുരേഷ് കോടതിയ്ക്ക് നൽകിയ 27 പേജുള്ള രഹസ്യ മൊഴിയാണ് എൻഫോഴ്സ്മെന്‍റിന് ലഭിച്ചിട്ടുള്ളത്. ഇഡിയുടെ കേന്ദ്ര ഡയറക്ടറേറ്റ് ഈ മൊഴി പരിശോധിച്ച് അന്വേഷണവുമായി പോകാൻ കൊച്ചി യൂണിറ്റിന് നിർദ്ദേശം നൽകി.

കേസ് അന്വേഷണത്തിന്‍റെ ആദ്യഘട്ടമായി സ്വപ്ന സുരേഷിനെയാണ് വിളിച്ച് വരുത്തുക. കള്ളപ്പണ കേസിൽ ഇഡി ചോദ്യം ചെയ്തപ്പോൾ വെളിപ്പെടുത്താത്ത പുതിയ വിവരങ്ങൾ ഇപ്പോൾ നൽകിയ 164 സ്റ്റേറ്റ്മെന്‍റിൽ ഉണ്ടെന്നാണ് ഇഡി ഉദ്യോഗസ്ഥർ നൽകുന്ന സൂചന. 164 മൊഴിയിലെ വിവരങ്ങൾക്ക് കൂടുതൽ തെളിവ് ശേഖരിക്കുന്ന നടപടികളാണ് ഇപ്പോൾ നടക്കുന്നത്.

സ്വപ്നയുടെ മൊഴി എടുക്കാൻ അടുത്ത ആഴ്ച നോട്ടീസ് നൽകും. ചോദ്യം ചെയ്യലിൽ സ്വപ്ന സുരേഷ് കൂടുതൽ തെളിവുകൾ ഹാജരാക്കുമെന്നാണ് ഇഡി കരുതുന്നത്. ഇതോടൊപ്പം കസ്റ്റംസിന് സ്വപ്ന സുരേഷ് നൽകിയ രണ്ട് രഹസ്യമൊഴികൾ ശേഖരിക്കാനും കോടതിയെ സമീപിച്ചിട്ടുണ്ട്. സ്വർണ്ണക്കടത്തിലും ഡോളർ കടത്തിലുമാണിത്.

ഈ അപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും . മൂന്ന് ദിവസമെടുത്ത് കോടതി രേഖപ്പെടുത്തിയ ഈ 164-ൽ ഉള്ള വിവരങ്ങൾ കൂടി പരിശോധിക്കേണ്ടതുണ്ടെന്നാണ് ഇഡി വ്യക്തമാക്കുന്നത്. കസ്റ്റംസ് കേസിൽ അന്വേഷണം പൂർത്തിയായതിനാൽ ഇനി മൊഴി നൽകുന്നതിനെ കസ്റ്റംസ് എതിർക്കില്ലെന്നാണ് ഇഡി കരുതുന്നത്. നേരത്തെ നൽകിയ പല വിവരങ്ങളും കസ്റ്റംസ് അന്വേഷിച്ചില്ലെന്ന സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തൽ കൂടി ഉള്ള പശ്ചാത്തലത്തിലാണ് പഴയ മൊഴികൾക്കായുള്ള നീക്കം.

Related Articles

Latest Articles