Friday, May 3, 2024
spot_img

വ്യവസായ മേഖലയിൽ വൻ കുതിപ്പിനൊരുങ്ങി എറണാകുളം ജില്ല; ഈ വർഷം ലക്ഷ്യമിടുന്നത് 14610 സംരംഭങ്ങൾ

വ്യവസായ മേഖലയിൽ വമ്പൻ കുതിപ്പിനൊരുങ്ങി എറണാകുളം ജില്ല. സംസ്ഥാനത്തിൻ്റെ വ്യവസായ ഭൂപടത്തിൽ ഒന്നാം സ്ഥാനത്തുള്ള ജില്ലയിൽ ഈ സാമ്പത്തിക വർഷം വൻ തോതിൽ പുതിയ സംരംഭങ്ങൾ ആരംഭിക്കാനുള്ള നടപടികളാണ് വ്യവസായ വകുപ്പ് സ്വീകരിച്ച് വരുന്നത്.

സംസ്ഥാന സർക്കാറിൻ്റെ “ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ” പദ്ധതിയുടെ ഭാഗമായി ജില്ലയിൽ 14610 സംരംഭങ്ങൾ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സംരംഭ യൂണിറ്റുകൾ ആരംഭിക്കാൻ ലക്ഷ്യമിടുന്നതും ജില്ലയിലാണ്.

സംരംഭകത്വ വർഷത്തോടനുബന്ധിച്ച് ഒരു ലക്ഷം സംരംഭങ്ങൾ സൃഷ്ടിക്കുക എന്നതിനൊപ്പം പല ലക്ഷം തൊഴിലവസരങ്ങൾ കൂടി സൃഷ്ടിക്കുക എന്നതാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ജില്ലയിൽ ലക്ഷ്യമിടുന്ന 14610 പുതിയ സംരംഭങ്ങളിൽ പൂർത്തിയാകുന്നതോടെ കുറഞ്ഞത് 49000 തൊഴിലവസരങ്ങളെങ്കിലും സൃഷ്ടിക്കാനാകുമെന്നാണ് കണക്കു കൂട്ടുന്നത്.

2021-2022 സാമ്പത്തിക വർഷത്തിൽ 1308 യൂണിറ്റുകളായിരുന്നു ജില്ലയിൽ ആരംഭിച്ചിരുന്നത്. സംരംഭകത്വ വർഷമായി ആചരിക്കുന്ന ഇക്കുറി ഇതിൻ്റെ 10 ഇരട്ടി സംരംഭങ്ങൾ പുതുതായി ആരംഭിക്കാനാണ് വ്യവസായ വകുപ്പ് ലക്ഷ്യമിടുന്നത്. അതായത് സംസ്ഥാന വ്യാപകമായി നടപ്പാക്കാനുദ്ദേശിക്കുന്ന “ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ” പദ്ധതിയുടെ 14.5 ശതമാനവും ജില്ലയിൽ യാഥാർത്ഥ്യമാക്കാനാണ് അധികൃതരുടെ തീരുമാനം.

പ്രത്യേക സാമ്പത്തിക മേഖലകൾ, ഐ.ടി ഹബ്ബുകളായ ഇൻഫോ പാർക്ക്, സ്മാർട്ട് സിറ്റി, സ്റ്റാർട്ട് ആപ്പ് മിഷൻ ആസ്ഥാനം, സീപോർട്ട് – എയർപോർട്ട് എന്നിവിടങ്ങളിലേക്കുള്ള ഗതാഗത സൗകര്യങ്ങൾ മറ്റു ജില്ലകളെ അപേക്ഷിച്ച് വിവിധ വ്യവസായ സംരംഭങ്ങൾക്ക് വേണ്ട അസംസ്കൃത വസ്തുക്കളുടെ ലഭ്യത തുടങ്ങി ജില്ലയുടെ ഭൂമി ശാസത്രപരവും സാങ്കേതികവുമായ പ്രത്യേകതകൾ കൂടി കണക്കിലെടുത്താണ് കൂടുതൽ സംരംഭങ്ങൾക്കുള്ള ഇടമായി എറണാകുളം ജില്ലയെ തിരഞ്ഞെടുത്തത്.

Related Articles

Latest Articles