മഷാദ് : ടേക്ക് ഓഫ് ചെയ്തയുടന്‍ ടയര്‍ പൊട്ടിത്തെറിക്കുകയും എന്‍ജിന് തകരാര്‍ സംഭവിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ഇറാനിലെ സെപ്ഹ്‌റാന്‍ എയര്‍ലൈന്‍സിന്റെ (Sepehran Airlines) ബോയിംഗ് 737 വിമാനം മഷാദ് വിമാനത്താവളത്തില്‍ അടിയന്തരമായി തിരിച്ചിറക്കി.
മഷാദില്‍ നിന്നും കെര്‍മാന്‍ഷായിലേക്ക് (Kermanshah) പുറപ്പെട്ട വിമാനത്തിനാണ് സാങ്കേതിക തകരാര്‍ നേരിട്ടത്. ടേക്ക് ഓഫിന് പിന്നാലെ വിമാനത്തിന്റെ ടയര്‍ പൊട്ടുകയും തുടര്‍ന്ന് എന്‍ജിന് കേടുപാടുകള്‍ സംഭവിക്കുകയുമായിരുന്നു. സ്ഥിതിഗതികള്‍ ഗുരുതരമായതിനെ തുടര്‍ന്ന് പൈലറ്റ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും വിമാനം ഉടന്‍ തന്നെ പുറപ്പെട്ട വിമാനത്താവളത്തിലേക്ക് തിരികെ പറത്താന്‍ തീരുമാനിക്കുകയായിരുന്നു.
വലിയ ആശങ്കകള്‍ക്കൊടുവില്‍ മഷാദ് വിമാനത്താവളത്തില്‍ വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കിയതായും ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

