Tuesday, May 21, 2024
spot_img

ലോകകപ്പിൽ ക്ലച്ച് പിടിക്കാതെ ഇംഗ്ലീഷ് ബാറ്റിങ് നിര !33.2 ഓവറിൽ 156 റണ്‍സിന് ആൾ ഔട്ട് ; ശ്രീലങ്കയ്‌ക്കെതിരായ നിർണ്ണായക മത്സരത്തിൽ ഇംഗ്ലണ്ട് പ്രതിരോധത്തിൽ

ബെംഗളൂരു: ലോകകപ്പിൽ മികച്ച സ്‌കോർ കണ്ടെത്തുന്നതിൽ ഒരിക്കൽ കൂടി പരാജയപ്പെട്ട് ഇംഗ്ലീഷ് ബാറ്റർമാർ. ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിൽ 33.2 ഓവര്‍ മാത്രം പ്രതിരോധിച്ച പേരുകേട്ട ഇംഗ്ലീഷ് ബാറ്റിങ് 156 റണ്‍സിന് കൂടാരം കയറി. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ലഹിരു കുമാരയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ കസുന്‍ രജിതയും ഏയ്ഞ്ചലോ മാത്യൂസും ചേർന്നാണ് ഇംഗ്ലീഷ് ബാറ്റിങ്ങിന് മൂക്ക് കയറിട്ടത്.

ഓപ്പണര്‍മാരായ ജോണി ബെയര്‍സ്‌റ്റോയും ഡേവിഡ് മലാനും ചേര്‍ന്ന് 45 റണ്‍സ് കൂട്ടിച്ചേര്‍ത്ത് മോശമല്ലാത്ത അടിത്തറ പാകിയെങ്കിലും പൊടുന്നനെ ഇംഗ്ലീഷ് ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ താഴേക്ക് പതിച്ചു. 25 പന്തില്‍ നിന്ന് ആറ് ബൗണ്ടറിയടക്കം 28 റണ്‍സെടുത്ത മലാനെ പുറത്തക്കി ഏയ്ഞ്ചലോ മാത്യൂസാണ് ലങ്കയ്ക്ക് ആദ്യ ബ്രേക്ക് ത്രൂ നൽകിയത്. പിന്നാലെ ജോ റൂട്ട് (3) റൺ ഔട്ടായി. വൈകാതെ 31 പന്തില്‍ നിന്ന് 30 റണ്ണുമായി ബെയര്‍‌സ്റ്റോയും മടങ്ങിയതോടെ ഇംഗ്ലണ്ട് പ്രതിസന്ധിയിലായി.

ക്യാപ്റ്റന്‍ ജോസ് ബട്ട്‌ലറും (8), ലിയാം ലിവിങ്‌സ്റ്റണും (1) നിരാശപ്പെടുത്തിയതോടെ ഇംഗ്ലണ്ട് നാണക്കേടിന്റെ പടുകുഴിയെ ഭയപ്പെട്ടു തുടങ്ങി. ആറാം വിക്കറ്റില്‍ ബെന്‍ സ്‌റ്റോക്ക്‌സ് – മോയിന്‍ അലി സഖ്യം ചെറുത്തുനില്‍പ്പിന് ശ്രമിച്ചെങ്കിലും 25-ാം ഓവറില്‍ അലിയെ മടക്കി (15) മാത്യൂസ് വീണ്ടും ആഞ്ഞടിച്ചു. പിന്നാലെ ക്രീസിലെത്തിയ ക്രിസ് വോക്‌സ് (0) വന്നപാടെ മടങ്ങി.

43 റണ്‍സുമായി ഒരറ്റത്ത് നിലയുറപ്പിച്ച് കളിക്കുകയായിരുന്ന ബെൻ സ്റ്റോക്സ് 31-ാം ഓവറില്‍ മടങ്ങിയതോടെ ഇംഗ്ലണ്ട് പോരാട്ടം ഏതാണ്ട് അവസാനിച്ചു. ഡേവിഡ് വില്ലി 14 റണ്‍സുമായി വാലറ്റത്ത് നടത്തിയ ചെറുത്ത് നിൽപ്പാണ് ഇംഗ്ലണ്ട് സ്‌കോര്‍ 150 കടത്തിയത്. ആദില്‍ റഷീദ് (2), മാര്‍ക്ക് വുഡ് (5) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.

Related Articles

Latest Articles