Friday, May 17, 2024
spot_img

ഹമാസ് ഇസ്രയേലിൽ നടത്തിയ ഭീകരാക്രമണത്തിനുപിന്നില്‍ ഇന്ത്യ- പശ്ചിമേഷ്യ- യൂറോപ് സാമ്പത്തിക ഇടനാഴിയും ഒരു ഘടകമാകാമെന്ന് ജോ ബൈഡൻ ! യുദ്ധം പുതിയ മാനങ്ങൾ കൈവരിക്കുന്നു; ആരോപണങ്ങൾ വാസ്തവമെന്ന് തെളിഞ്ഞാൽ പാകിസ്ഥാനും ചൈനയും ഉത്തരം പറയേണ്ടി വരും

ഇസ്രയേൽ അതിർത്തി തകർത്ത് ഹമാസ് നടത്തിയ ഭീകരാക്രമണത്തിനുപിന്നില്‍ ദില്ലിയിൽ നടന്ന ജി-20 ഉച്ചകോടിയില്‍ പ്രഖ്യാപിച്ച സുപ്രധാന അടിസ്ഥാനസൗകര്യ പദ്ധതിയായ ഇന്ത്യ- പശ്ചിമേഷ്യ- യൂറോപ് സാമ്പത്തിക ഇടനാഴിയും ഒരു ഘടകമാകാമെന്ന അഭിപ്രായപ്രകടനവുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്‍. അമേരിക്കൻ സന്ദര്‍ശനത്തിനെത്തിയ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്‍റണി അല്‍ബനീസിനൊപ്പം വാഷിങ്ടണില്‍ നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് ബൈഡന്‍ അഭിപ്രായപ്രകടനം നടത്തിയത്. എന്നാൽ ഇത് സാധൂകരിക്കുന്ന തെളിവുകൾ നിലവിൽ തന്റെ പക്കലില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

“സെപ്റ്റംബറില്‍ നടന്ന ജി-20 സമ്മേളനത്തില്‍ ഇന്ത്യ- പശ്ചിമേഷ്യ- യൂറോപ് സാമ്പത്തിക ഇടനാഴിയുടെ പ്രഖ്യാപനമുണ്ടായിരുന്നു. ഇന്ത്യ-പശ്ചിമേഷ്യ- യൂറോപ് മേഖലയെ പൂര്‍ണമായും ഒരു റെയില്‍റോഡ് ശൃംഖലയിലൂടെ ബന്ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് രൂപവത്കരിച്ച പദ്ധതി ഇക്കൊല്ലം ആദ്യമാണ് ആരംഭിച്ചത്. ഹമാസിന്റെ ഇസ്രയേല്‍ ആക്രമണത്തിന് ഇതുമൊരു കാരണമാകാമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും എന്നാല്‍ അത് സ്ഥിരീകരിക്കാന്‍ തക്ക തെളിവുകളൊന്നും തന്റെ പക്കലില്ല. എന്നാൽ ആക്രമണത്തിന്റെ പശ്ചാത്തലം മുന്‍നിര്‍ത്തി സുപ്രധാനപദ്ധതിയോ ഏകീകരണപ്രവര്‍ത്തനങ്ങളോ ഉപേക്ഷിക്കാനാകില്ല . സാമ്പത്തികമായും രാഷ്ട്രീയമായും പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ക്കിടയിലെ സഹകരണം എല്ലാവിധത്തിലുമുള്ള വികസനത്തെ ത്വരിതപ്പെടുത്തും. ഈ രാജ്യങ്ങള്‍ക്കിടയില്‍ കൂടുതല്‍ സഹവര്‍ത്തിത്വം ആവശ്യമാണ്.”- ബൈഡൻ പറഞ്ഞു.

ചൈന–പാകിസ്ഥാൻ വാണിജ്യ ഇടനാഴിയിലൂടെ ഇന്ത്യയെ വെല്ലുവിളിച്ച ചൈനയ്ക്ക് ചുട്ടമറുപടി നൽകിക്കൊണ്ടാണ് അമേരിക്കൻ സഹകരണത്തോടെ ഇന്ത്യ–ഗൾഫ് –യൂറോപ്പ് സംയുക്തവ്യാപാര സാമ്പത്തിക ഇടനാഴിക്ക് കരാറായത്. ജി20 ഉച്ചകോടിക്കിടെയാണ് കരാർ സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. ഇന്ത്യയിൽ നിന്നാരംഭിച്ച് യൂറോപ്പിലേക്ക് നീളുന്നതാണ് സാമ്പത്തിക ഇടനാഴി. പ്രധാനമന്ത്രി നരേന്ദ്ര മോദി, അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ, യൂറോപ്യൻ നേതാക്കൾ എന്നിവർ ചേർന്നാണ് പദ്ധതി പ്രഖ്യാപിച്ചത്. ‘‘രാജ്യങ്ങളെ ബന്ധിപ്പിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്നും അടുത്ത തലമുറയ്‌ക്കായി അടിത്തറ പാകുകയാണെന്നും’’ പദ്ധതി പ്രഖ്യാപനത്തിനിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. പുതിയ അവസരങ്ങൾക്ക് വഴി തുറക്കുകയാണ് ലക്ഷ്യമെന്നാണ് അന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും പ്രതികരിച്ചത്. സാമ്പത്തിക ഇടനാഴിയിലെ നിക്ഷേപത്തിന് പ്രതിജ്ഞാബദ്ധമെന്നായിരുന്നു ഫ്രാൻസിന്റെ പ്രഖ്യാപനം. ഇടനാഴിയിലെ വിജയത്തിനായി പ്രവർത്തിക്കുമെന്ന് ജർമ്മൻ ചാൻസിലറും വ്യക്തമാക്കി.

യുഎഇ, സൗദി അറേബ്യ, ജോര്‍ദാന്‍, ഇസ്രയേല്‍ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുത്തി റെയില്‍, തുറമുഖ വികസനം നടപ്പാക്കി അടിസ്ഥാന സൗകര്യങ്ങളൊരുക്കി ഇന്ത്യയും യൂറോപ്പുമായുള്ള വ്യാപാരം 40 ശതമാനം വർധിപ്പിക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. രാജ്യങ്ങളുമായി സഹകരിച്ച് ആശയവിനിമയ ബന്ധത്തിനായി വാർത്തവിനിമയ കേബിളുകൾ സ്ഥാപിക്കുക, റെയിൽ, തുറമുഖ സൗകര്യങ്ങൾ വികസിപ്പിക്കുക, ഹൈഡ്രജൻ പൈപ്പ് ലൈനുകൾ സ്ഥാപിക്കുക തുടങ്ങിയവയാണ് കരാറിന്റെ ലക്ഷ്യം. ഭാവിയിൽ ഇന്ത്യയില്‍ നിന്നുള്ള ചരക്കുനീക്കം ഗൾഫിൽ നിന്നും യൂറോപ്പിലേക്ക് റെയിൽ മുഖേനയാക്കുന്നതും കരാർ ലക്ഷ്യമിടുന്നുണ്ട്. ഇടത്തരം രാജ്യങ്ങളുടെ അടിസ്ഥാന സൗകര്യവികസനത്തിനും പദ്ധതി ഗുണകരമാകും.

ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ് റോഡ് പദ്ധതിയുടെ ഭാഗമായി ചൈനയെയും പാകിസ്ഥാനിലെ ഗ്വാദർ തുറമുഖത്തെയും ബന്ധിപ്പിക്കുന്നതായിരുന്നു പദ്ധതി. ചൈനയിലെ കഷ്‌ഖർ പ്രവ്യശയുമായി ഗ്വാദ്വറിനെ ബന്ധിപ്പിച്ച് ഏഷ്യയുടെ തന്നെ ചരക്കുനീക്കത്തിന്റെ കേന്ദ്രമാക്കി ഗ്വാദർ തുറമുഖത്തെ മാറ്റുകയാണ് ചൈന ലക്ഷ്യമിടുന്നത്. ഇതിനായി വൻ തുകയും ചൈന പ്രഖ്യാപിച്ചിരുന്നു. റോഡ് പണിക്കായി പാകിസ്ഥാനിലെത്തിയ ചൈനീസ് എഞ്ചിനീയർമാർക്കെതിരെ ബോംബേറുണ്ടായത് വലിയ വാർത്തയായിരുന്നു.

ഇന്ത്യ- പശ്ചിമേഷ്യ- യൂറോപ് സാമ്പത്തിക ഇടനാഴിയും ഹമാസിന്റെ ഇസ്രയേല്‍ ആക്രമണത്തിനുപിന്നിലെന്ന് ബൈഡന്‍ ഒരാഴ്ചക്കിടെ രണ്ടാമത്തെ തവണയാണ് അഭിപ്രായപ്പെടുന്നത്. ആരോപണങ്ങൾ വാസ്തവമെന്ന് തെളിയിക്കപ്പെട്ടാൽ ചൈനയും പാകിസ്ഥാനും ലോകത്തിന് മുന്നിൽ ഉത്തരം പറയേണ്ടി വരും എന്നത് ഉറപ്പാണ്

Related Articles

Latest Articles