ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള വിമാനത്തില്‍ സെപ്റ്റംബര്‍ 30-ന് കോക്ക്പിറ്റില്‍ വെച്ച് സഹപൈലറ്റിന്റെ ആക്രമണത്തെ പ്രതിരോധിക്കുകയും 174 ജീവന്‍ രക്ഷിക്കുകയും ചെയ്ത ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാര്‍ നല്ലൊരു പരിശീലനം ലഭിച്ച വ്യക്തി മാത്രമല്ല, ‘മറ്റുള്ളവരെ തന്നേക്കാള്‍ മുന്നില്‍ കാണുന്ന നല്ലൊരു മനുഷ്യന്‍’ കൂടിയാണെന്ന് അദ്ദേഹത്തിന്റെ ഒരു മുന്‍ സഹപ്രവര്‍ത്തക പറഞ്ഞു.
നാല് വര്‍ഷം മുമ്പ് ഫ്‌ലൈ ദുബായില്‍ ചേരുന്നതിന് മുന്‍പ് സ്മിത് മച്ചാറിനൊപ്പം സ്‌പൈസ് ജെറ്റില്‍ ജോലി ചെയ്തിരുന്ന പൈലറ്റ് ടീന ഗോസ്വാമി പറഞ്ഞു: ‘അദ്ദേഹം വളരെ നല്ലവനും വിനയമുള്ളവരും എല്ലാവരെയും ബഹുമാനിക്കുന്നയാളുമാണ്.’
ഇത്തരമൊരു സാഹചര്യത്തില്‍ ഒരു പൈലറ്റ് എങ്ങനെ പ്രതികരിക്കുമെന്ന് ചോദിച്ചപ്പോള്‍, സൗദി അറേബ്യയില്‍ കസ്റ്റഡിയിലുള്ള സഹപൈലറ്റില്‍ നിന്ന് കുത്തേറ്റുകൊണ്ടിരിക്കുമ്പോഴാണ് ക്യാപ്റ്റന്‍ മച്ചാര്‍ കോക്ക്പിറ്റ് വാതില്‍ തുറന്ന് എമര്‍ജന്‍സി കോഡുകള്‍ അമര്‍ത്തിയത് എന്ന് ടീന ഗോസ്വാമി ചൂണ്ടിക്കാണിച്ചു. (സംഭവത്തിനുശേഷം വിമാനം ഇറക്കിയത് സൗദി അറേബ്യയിലാണ്, അവിടെ വെച്ച് ഡ്യൂട്ടിയിലില്ലാത്ത മറ്റ് പൈലറ്റുമാര്‍ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയാണുണ്ടായത്).
‘ഞങ്ങള്‍ എല്ലാ സാഹചര്യങ്ങള്‍ക്കും പരിശീലനം നേടിയവരാണ്. ഞങ്ങള്‍ക്ക് ആറുമാസത്തിലൊരിക്കല്‍ സിമുലേറ്റര്‍ സെഷനുകള്‍ ഉണ്ടാകാറുണ്ട്. ഈ മനോസാന്നിധ്യം ഞങ്ങളുടെ പരിശീലനത്തിന്റെ ഭാഗമാണ്, എന്നാല്‍ അത് കൃത്യസമയത്ത് ഉപയോഗിക്കുക എന്നത് ഇപ്പോഴും പ്രയാസകരമാണ്,’ അവര്‍ എന്‍.ഡി.ടി.വിയോട് പറഞ്ഞു.
‘ഞങ്ങള്‍ ഏത് സാഹചര്യം കൈകാര്യം ചെയ്യുമ്പോഴും ഒരു ടീമായിട്ടാണ് അത് ചെയ്യുന്നത്. ഒരാള്‍ വിമാനം പറത്തുന്നു, മറ്റൊരാള്‍ നാവിഗേറ്റ് ചെയ്യുന്നു, ആശയവിനിമയം നടത്തുന്നു, ചെക്ക്ലിസ്റ്റുകള്‍ ചെയ്യുന്നു, അങ്ങനെ എല്ലാം ചെയ്യുന്നു. അതുകൊണ്ട് അതൊരു ടൂ-മാന്‍ കോക്ക്പിറ്റാണ് (രണ്ടുപേര്‍ അടങ്ങിയ കോക്ക്പിറ്റ്). എന്നാല്‍ ഇവിടെ രംഗം തികച്ചും വ്യത്യസ്തമാണ്, കാരണം അപകടം കോക്ക്പിറ്റില്‍ തന്നെയാണ് ഒളിച്ചിരിക്കുന്നത്,’ അവര്‍ പറഞ്ഞു.
‘അദ്ദേഹത്തിന്റെ മനോസാന്നിധ്യം, അദ്ദേഹത്തിന്റെ ധീരമായ പ്രവൃത്തി, നിങ്ങള്‍ അതിനെ എന്തുതന്നെ വിളിച്ചാലും ശരി, അതല്ലെങ്കില്‍ ദൈവത്തിന്റെ അനുഗ്രഹം കൊണ്ടായിരിക്കാം അദ്ദേഹം ഇതെല്ലാം ചെയ്തത്, ഇത് അത്യന്തം അഭിനന്ദനാര്‍ഹമാണ്. നിങ്ങളുടെ പരിശീലനം കൃത്യസമയത്ത് ശരിയായ കാര്യത്തിനായി ഉപയോഗിക്കുന്നത് വളരെ പ്രശംസനീയമാണ്,’ അവര്‍ കൂട്ടിച്ചേര്‍ത്തു.
പൊതുവെ അദ്ദേഹം മറ്റുള്ളവരെ സഹായിക്കുന്ന സ്വഭാവമുള്ള ആളാണെന്നതും പ്രധാനപ്പെട്ട കാര്യമാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു: ‘അദ്ദേഹത്തോടൊപ്പം പറന്ന ആളുകളോട് ഞാന്‍ സംസാരിച്ചപ്പോള്‍ എല്ലാവര്‍ക്കും പറയാനുണ്ടായിരുന്നതും ഇതുതന്നെയായിരുന്നു. മറ്റുള്ളവരെ താഴ്ത്തിക്കെട്ടുന്നതിന് പകരം അദ്ദേഹം അവരെ എപ്പോഴും പഠിപ്പിക്കാന്‍ ശ്രമിക്കുമായിരുന്നു… ആളുകളെ സഹായിക്കുക എന്നതാണ് അദ്ദേഹത്തിന്റെ രീതി.’

