ഹൈദരാബാദ് : ഹൈദരാബാദിലെ ക്ഷേത്രത്തില്‍ വെള്ളിയാഴ്ച ഒരാള്‍ പൂജാരിയെ ആക്രമിക്കുകയും ദേവിയുടെ വിഗ്രഹത്തിന് നേരെ വടിയുപയോഗിച്ച് അടിക്കുകയും ചെയ്തു. ഹൈദരാബാദ് ദില്‍സുഖ്നഗര്‍ ബസ് ഡിപ്പോയ്ക്ക് സമീപമുള്ള സന്തോഷി മാതാ ക്ഷേത്രത്തിലാണ് സംഭവം നടന്നത്. ഇത് സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ആക്രമണം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ക്ഷേത്രത്തിലുണ്ടായിരുന്നവര്‍ ഇടപെടുകയും, ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു.
പ്രതിയെ കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയിലെടുത്തു. പൊലീസ് കേസെടുത്ത് സംഭവത്തെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയുടെ വൈദ്യപരിശോധനയും മാനസികാരോഗ്യ പരിശോധനയും പൊലീസ് നടത്തിവരുന്നുണ്ട്. ആക്രമണത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. തെലങ്കാനയിലെ ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി) നേതാക്കളില്‍ നിന്ന് സംഭവം കടുത്ത പ്രതികരണങ്ങള്‍ക്ക് ഇടയാക്കി. ക്ഷേത്രങ്ങളുടെ സുരക്ഷ കൈകാര്യം ചെയ്യുന്നതില്‍ സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചയെ അവര്‍ ചോദ്യം ചെയ്തു.
മതപരമായ കാര്യങ്ങളോടുള്ള സര്‍ക്കാരിന്റെ സമീപനമാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാന്‍ ഇടയാക്കിയതെന്ന് തെലങ്കാന ബിജെപി അധ്യക്ഷന്‍ എന്‍. രാംചന്ദര്‍ റാവു വിമര്‍ശിച്ചു. മതസ്ഥാപനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ടതിന്റെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിക്കുകയും ഉത്തരവാദികള്‍ക്കെതിരെ നടപടി ആവശ്യപ്പെടുകയും ചെയ്തു.
കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ നിഷ്പക്ഷമായ അന്വേഷണം നടത്തി കര്‍ശന നിയമനടപടി സ്വീകരിക്കണമെന്ന് ഗോഷാമഹല്‍ എംഎല്‍എ ടി. രാജ സിങ് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ഹിന്ദു ക്ഷേത്രങ്ങള്‍ക്കും ഭക്തര്‍ക്കും നല്‍കുന്ന സുരക്ഷയെക്കുറിച്ച് അദ്ദേഹം മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയോടും ചോദിച്ചു.

