Friday, May 3, 2024
spot_img

ഉപഭോക്തൃ വിവര കൈമാറ്റം ; മെറ്റയ്ക്ക് 10000 കോടിയിലധികം പിഴയിട്ട് യൂറോപ്യൻ അധികൃതർ

യൂറോപ്യന്‍ ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതുമായും അവ യുഎസിലേക്ക് കൊണ്ടുപോവുന്നതുമായും ബന്ധപ്പെട്ട് ചട്ടങ്ങളും നിർദേശങ്ങളും ലംഘിച്ചുവെന്നാരോപിച്ച്
ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്‌സാപ്പ് തുടങ്ങിയ സോഷ്യൽ മീഡിയ സൈറ്റുകളുടെ മാതൃ സ്ഥാപനമായ മെറ്റയ്ക്ക് വന്‍ തുക പിഴ വിധിച്ച് അയര്‍ലണ്ട് ഡാറ്റാ പ്രൊട്ടക്ഷന്‍ കമ്മീഷണര്‍ (ഡിപിസി). 130 കോടി ഡോളര്‍ ആണ് പിഴ. ഇന്ത്യൻ രൂപയിൽ കണക്കാക്കുമ്പോൾ ഇത് 10000 കോടിയിലധികം വരും. സ്വകാര്യതയുമായി ബന്ധപ്പെട്ട് യൂറോപ്പിൽ ചുമത്തപ്പെട്ട ഏറ്റവും വലിയ തുകയാണിത്.

2018 ല്‍ നിലവില്‍ വന്ന ജിഡിപിആര്‍ നിയമങ്ങള്‍ മെറ്റ ലംഘിച്ചുവെന്നാണ് ഡിപിസി ആരോപിക്കുന്നത് . ഫെയ്‌സ്ബുക്കിനെ ലക്ഷ്യമിട്ടാണ് ഡിപിസിയുടെ നടപടി. അതേസമയം വിധിയ്‌ക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് മെറ്റ പറഞ്ഞു. ഒരിക്കലും നീതീകരിക്കാനാവാത്തതും അനാവശ്യവുമാണ് ഈ പിഴയെന്നും കോടതി വഴി ശിക്ഷ സ്‌റ്റേ ചെയ്യാനുള്ള ശ്രമം നടത്തുമെന്നും മെറ്റ അറിയിച്ചു. യൂറോപ്യന്‍ യൂണിയന്റെ കടുത്ത നിയന്ത്രണങ്ങളെ തുടര്‍ന്ന് യൂറോപ്പില്‍ സേവനം അവസാനിപ്പിക്കേണ്ടി വരുമെന്ന ഭീഷണി മുമ്പ് മെറ്റ വ്യക്തമാക്കിയിരുന്നു.

Related Articles

Latest Articles