Sunday, May 19, 2024
spot_img

മുൻ നാവികസേനാ ഉദ്യോഗസ്ഥരുടെ വധശിക്ഷ; ഇന്ത്യയുടെ അപ്പീൽ അംഗീകരിച്ച് ഖത്തർ കോടതി; വാദം ഉടൻ

ദില്ലി: മുൻ ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥരുടെ വധശിക്ഷയ്‌ക്കെതിരായ ഇന്ത്യയുടെ അപ്പീൽ അംഗീകരിച്ച് ഖത്തർ കോടതി. ഹർജി പരിശോധിച്ച ശേഷം വാദം കേൾക്കുന്ന തീയതി ഉടൻ നിശ്ചയിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. ചാരപ്രവൃത്തി ആരോപിച്ചായിരുന്നു നാവിക സേനയിലെ എട്ട് മുൻ സേനാംഗങ്ങൾക്ക് ഖത്തറിലെ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി കഴിഞ്ഞ മാസം വധശിക്ഷ വിധിച്ചത്.

2022 ഓഗസ്റ്റിലാണ് ചാരപ്രവർത്തനത്തിന് എട്ട് പേരെ ഖത്തറിന്റെ രഹസ്യാന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തതത്. കാപ്റ്റന്‍ നവ്‌തേജ് സിങ് ഗില്‍, കാപ്റ്റന്‍ സൗരഭ് വശിഷ്ട്, കമാണ്ടര്‍ പുര്‍ണേന്ദു തിവാരി, കാപ്റ്റന്‍ ബിരേന്ദ്ര കുമാര്‍ വര്‍മ, കമാൻഡര്‍ സുഗുണാകര്‍ പാകാല, കമാൻഡര്‍ സഞ്ജീവ് ഗുപ്ത, കമാൻഡര്‍ അമിത് നാഗ്പാല്‍, സെയിലര്‍ രാഗേഷ് എന്നിവരാണ് അറസ്റ്റിലായ ഇന്ത്യക്കാര്‍. ദോഹയിൽ വെച്ചായിരുന്നു അറസ്റ്റ്. ഇവർ എട്ടുപേരും 20 വര്‍ഷത്തോളം ഇന്ത്യന്‍ നാവിക സേനയുടെ ഉയർന്ന പദവികളിൽ സേവനം അനുഷ്ഠിച്ചവരാണ്.

പ്രതിരോധ സേവനങ്ങള്‍ നല്‍കുന്ന ദഹ്‌റ ഗ്ലോബല്‍ ടെക്‌നോളജീസ് ആന്‍ഡ് കണ്‍സള്‍ട്ടന്‍സി സര്‍വീസസിന് വേണ്ടിയാണ് എട്ടുപേരും ജോലി ചെയ്തിരുന്നത്. ഒമാനി സ്വദേശിയാണ് ഈ സ്ഥാപനത്തിന്റെ ഉടമ. ഇദ്ദേഹത്തേയും നേരത്തേ അറസ്റ്റ് ചെയ്തെങ്കിലും വിട്ടയച്ചു. ഖത്തറി എമിരി നേവല്‍ ഫോഴ്‌സില്‍ ഇറ്റാലിയന്‍ യു212 എന്ന അന്തര്‍വാഹിനികളുടെ പ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിച്ചിരുന്നവരാണ് ഇവർ എന്നാണ് റിപ്പോർട്ട്.

അതേസമയം വധശിക്ഷ വിധിച്ചെങ്കിലും ഇവർക്കെതിരെയുള്ള കുറ്റങ്ങൾ ഖത്തർ അധികൃതർ ഇതുവരെ പരസ്യമാക്കിയിട്ടില്ല. നിരവധി തവണ ഇവർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചെങ്കിലും അതെല്ലാം തള്ളിയിരുന്നു. 8 വർഷത്തോളം ഇവർ ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്.

Related Articles

Latest Articles