Friday, January 9, 2026

സംഘർഷത്തിന് പിന്നിൽ ബാഹ്യശക്തികളുടെ ഇടപെടലുണ്ടെന്ന് സംശയം! വിഴിഞ്ഞം സമരക്കാർ തീവ്രവാദികളെപ്പോലെ; ഇത് കലാപശ്രമമെന്നും വി ശിവൻകുട്ടി

തിരുവനന്തപുരം: സമരക്കാർ വിഴിഞ്ഞത്ത് പ്രവർത്തിക്കുന്നത് തീവ്രവാദികളെപ്പോലെയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സമരസമിതി ഉന്നയിച്ച പ്രധാന ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചതായിരുന്നു.എന്നാൽ കലാപശ്രമത്തിനുള്ള തുടക്കമാണ് ഇന്നലെ കണ്ടത് എന്നും മന്ത്രി പറഞ്ഞു

സംഘർഷത്തിന് പിന്നിൽ ബാഹ്യശക്തികളുടെ ഇടപെടലുണ്ടെന്ന് സംശയിക്കുന്നുണ്ട്. പുറത്തുനിന്നുള്ള ഇടപെടലുകൾ ഉണ്ടോ എന്ന് പരിശോധിക്കും. ഒരു വിഭാഗം വൈദികർ ആളുകളെ ഭീഷണിപ്പെടുത്തി സമരത്തിന് കൊണ്ടുവരുന്നു. സമരം അടിച്ചമർത്താൻ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേർക്കുകയും ചെയ്തു.

വിഴിഞ്ഞം സമരക്കാരെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി ഇന്നലെ രാത്രിയോടെയാണ് സമരക്കാർ പോലീസ് സ്റ്റേഷനിൽ ഉപരോധം സംഘടിപ്പിച്ചത്. തുടർന്ന് അക്രമാസക്തരായി പോലീസ് ഉദ്യോഗസ്ഥരെ മർദ്ദിച്ചു. 36 ഓളം ഉദ്യോഗസ്ഥർക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ എത്തിക്കാതെ ഏറെ നേരം സ്റ്റേഷനിൽ തന്നെ തടഞ്ഞുവെയ്ക്കുകയായിരുന്നു.

സംഭവത്തിൽ കണ്ടാൽ തിരിച്ചറിയുന്ന 3000 പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഒറ്റ രാത്രികൊണ്ട് 85 ലക്ഷം രൂപയുടെ നഷ്ടമാണ് ഡിപ്പാർട്ട്മെന്റിന് ഉണ്ടായതെന്നാണ് പോലീസിന്റെ എഫ്ഐആറിൽ പറയുന്നത്. പോലീസുകാരെ അപായപ്പെടുത്തി കസ്റ്റഡിയിൽ എടുത്ത പ്രതികളെ മോചിപ്പിക്കാനായിരുന്നു ശ്രമം. കമ്പിവടിയുൾപ്പെടെയുള്ള മാരകായുധങ്ങളുമായാണ് സംഘം പോലീസ് സ്റ്റേഷനിലേക്ക് അതിക്രമിച്ച് കയറിയത് എന്നും എഫ്‌ഐആറിലുണ്ട്.

Related Articles

Latest Articles