ദില്ലി: ഇന്ത്യൻ ആർമി ചിനാർ കോർപ്‌സിന്റെ പേജുകൾ അകാരണമായി ബ്ലോക്ക് ചെയ്ത് ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം സോഷ്യൽ മീഡിയകൾ. ഈ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യപ്പെട്ടിട്ട് ഒരാഴ്ചയായെങ്കിലും ഇതിന് വ്യക്തമായ വിശദീകരണം നൽകാൻ മെറ്റ തയ്യാറായിട്ടില്ല. ദേശീയ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് പുറത്തുവിട്ടത്.
കശ്മീർ താഴ്‌വര കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സൈനിക വിഭാഗമാണ് ചിനാർ കോർപ്‌സ്. ഇന്ത്യൻ സൈന്യത്തെയും കാശ്മീരിലെ നിലവിലെ പ്രശ്‌നങ്ങളെയും സംബന്ധിച്ച് ശരിയായ വിവരങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്നതിനും വേണ്ടിയാണ് സമൂഹമാധ്യമത്തിൽ അക്കൗണ്ട് ആരംഭിച്ചത്.
മാത്രമല്ല പ്രതിരോധപരമായ വിവരങ്ങൾ കൂടാതെ, തദ്ദേശവാസികൾക്ക് ആർമിയുടെ ജന താൽപര്യാർത്ഥമുള്ള സേവന പദ്ധതികളെ കുറിച്ചുള്ള വിവരങ്ങളും പങ്കു വയ്ക്കാൻ ആണ് ഈ ഹാൻഡിലുകൾ ഉപയോഗിച്ചിരുന്നത്.
ഈ അക്കൗണ്ടാണ് ബ്ലോക്ക് ചെയ്തിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന വിവരം. ഇക്കാര്യം ഫേസ്ബുക്കിൽ ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിട്ടുണ്ടെന്നും എന്നാൽ ഇതുവരെ അവരുടെ ഭാഗത്ത് നിന്ന് പ്രതികരണമൊന്നും ഉണ്ടായിട്ടില്ലെന്നും മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
അതേസമയം സാധാരണയായി ഫേസ്ബുക്ക് നയങ്ങൾക്കെതിരായുള്ള പോസ്റ്റുകൾ പങ്കുവെക്കുമ്പോഴോ, അല്ലെങ്കിൽ ഫേസ്ബുക്ക് ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്യുകയോ ചെയ്താൽ മാത്രമേ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഇത്തരത്തിൽ മരവിപ്പിക്കൂ.
എന്നാൽ ഈ അക്കൗണ്ടുകൾ മരവിപ്പിച്ചതിന് പിന്നിലുള്ള കാരണം ഇനിയും മെറ്റ വ്യക്തമായിട്ടില്ല. സോഷ്യൽ മീഡിയ ഭീമന്റെ കാരണമില്ലാതെയുള്ള ഈ പ്രവർത്തിയെ തുടർന്ന് സോഷ്യൽ മീഡിയകളിൽ വൻപ്രതിഷേധം നടക്കുകയാണ്.

