Thursday, May 16, 2024
spot_img

സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ ഉണ്ടാകുമോ? തീരുമാനം ഇന്നറിയാം; പ്രത്യേക കോവിഡ് അവലോകന യോഗം ഇന്ന്

തിരുവനന്തപുരം: അശാസ്ത്രീയ ലോക്ക്ഡൗൺ മൂലം വ്യാപാരികളുൾപ്പെടെ നിരവധി പേരാണ് സാമ്പത്തിക പ്രതിസന്ധി മൂലം ആത്മഹത്യ ചെയ്തത്. ഈ പശ്ചാത്തലത്തിലാണ് വാരാന്ത്യ ലോക്ക്ഡൗൺ ഉൾപ്പെടെ അവസാനിപ്പിച്ചത്. എന്നാൽ സംസ്ഥാനത്തെ നിലവിലെ കോവിഡ് സാഹചര്യം വിലയിരുത്തുന്നതിനും, നിയന്ത്രണങ്ങളിലെ ഇളവുകൾ സംബന്ധിച്ച ചർച്ചകൾക്കുമായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് കോവിഡ് അവലോകന യോഗം ചേരും.

ഉച്ചയ്‌ക്ക് ശേഷം മൂന്ന് മണിയ്‌ക്കാകും യോഗം ചേരുക. യോഗത്തിൽ സംസ്ഥാനത്തിന് കൂടുതൽ ഇളവുകൾ നൽകാൻ തീരുമാനമാകുമെന്നാണ് സൂചന. കോവിഡ് പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞ സാഹചര്യത്തിലാണ് കൂടുതൽ ഇളവുകൾ നൽകാനുള്ള സർക്കാർ ആലോചന. അതുകൊണ്ടുതന്നെ കേരളത്തിൽ ഇനിയും നിയന്ത്രണങ്ങൾ തുടരേണ്ടെന്നും, സ്‌കൂളുകൾ ഉൾപ്പെടെ തുറക്കാനും നേരത്തെ വിദഗ്ധ സമിതിയും വ്യക്തമാക്കിയിരുന്നു. ഇതെല്ലാം പരിഗണിച്ചുകൊണ്ട് സംസ്ഥാനം പൂർണമായി തുറന്നേക്കാമെന്നാണ് വിലയിരുത്തൽ. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന് അനുമതി നൽകുന്നത് അടക്കമുള്ള കാര്യങ്ങൾ സർക്കാരിന്റെ പരിഗണനയിൽ ഉണ്ട്.

ടിപിആർ 12 ശതമാനത്തിന് താഴെ എത്തിയ ശേഷം ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി നൽകാൻ ആണ് സാധ്യത. ഹോട്ടലുകളിൽ അനുമതി നൽകിയാൽ കൂടുതൽ ആളുകൾ പുറത്തേക്ക് ഇറങ്ങുന്ന സാഹചര്യം ഉണ്ടാകും. ഇത് വീണ്ടും രോഗ വ്യാപനത്തിന് വഴിവയ്ക്കും എന്ന ആശങ്കയും സർക്കാരിന് ഉണ്ട്. ശനിയാഴ്ചകളിൽ സർക്കാർ ഓഫീസുകൾ തുറക്കാൻ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. അതേസമയം മ്യുസിയങ്ങളും മൃഗ ശാലകളും ഇന്ന് മുതൽ തുറക്കും. തിരുവനന്തപുരം മ്യൂസിയത്തിലെ പ്രഭാത സവാരിയും ആരംഭിച്ചു. ബാറുകൾ തുറക്കുന്ന കാര്യത്തിലും ഇന്ന് ചേരുന്ന യോഗത്തിൽ തീരുമാനമുണ്ടായേക്കുമെന്നാണ് വിവരം.

Related Articles

Latest Articles