Wednesday, May 15, 2024
spot_img

എസ്എഫ്ഐ നേതാവ് നിഖിൽ തോമസിനെതിരായ വ്യാജ ഡി​ഗ്രി സർട്ടിഫിക്കറ്റ് വിവാദം; ഡിജിപിക്ക് പരാതി നൽകാനൊരുങ്ങി കെ എസ് യു ; നിഖിൽ തോമസിനെ ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി

ആലപ്പുഴ എസ്എഫ്ഐ വ്യാജ ഡി​ഗ്രി വിവാദത്തിൽ ഡിജിപിക്ക് പരാതി നൽകാനൊരുങ്ങി കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. ആരോപണ വിധേയനായ നിഖിൽ തോമസിനെതിരെ കൃത്യമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കത്തുനൽകുമെന്നും അലോഷ്യസ് വ്യക്തമാക്കി. വ്യാജ ഡി​ഗ്രി സർട്ടിഫിക്കറ്റ് വിവാദം എസ്എഫ്ഐയിൽ ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്നും വിഷയത്തിൽ സമ​ഗ്ര അന്വേഷണം ആവശ്യമാണെന്നും അലോഷ്യസ് പറഞ്ഞു.

എംകോം പ്രവേശനത്തിന് സമർപ്പിച്ച സർട്ടിഫിക്കറ്റിനെ ചൊല്ലിയാണ് എസ്എഫ്ഐ കായംകുളം ഏരിയാ സെക്രട്ടറി നിഖിൽ തോമസിനെതിരെ ആരോപണം ഉയർന്നിരിക്കുന്നത്. ഇപ്പോൾ കായംകുളം എംഎസ്എം കോളേജ് രണ്ടാം വർഷ എംകോം വിദ്യാർത്ഥിയാണ് നിഖിൽ. എംകോം പ്രവേശനത്തിനായി ഇയാൾ നൽകിയ ബികോം ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നാണ് ഉയരുന്ന ആരോപണം. 2018 – 2020 കാലഘട്ടത്തിലാണ് നിഖിൽ തോമസ് കായംകുളം എംഎസ്എം കോളേജില്‍ ബികോം കോഴ്സ് പഠിച്ചിരുന്നത്. എന്നാല്‍ ഇയാൾ കോഴ്സ് ജയിച്ചിട്ടില്ല. ഈ കാലത്ത് 2019 ൽ കായംകുളം എംഎസ്എം കോളേജിൽ യുയുസിയും 2020ല്‍ സര്‍വകലാശാല യൂണിയന്‍ ജോയിന്‍റ് സെക്രട്ടറിയുമായിരുന്നു ഇദ്ദേഹം. ബി കോം തോറ്റിട്ടും 2021 ല്‍ കായംകുളം എംഎസ്എം കോളേജിൽ തന്നെ എം കോമിന് ചേര്‍ന്നു. പ്രവേശനത്തിനായി 2019 – 2021 കാലത്തെ കലിംഗ സര്‍വകലാശാലയിലെ ഡിഗ്രി സര്‍ട്ടിഫിക്കറ്റാണ് നിഖിൽ ഹാജരാക്കിയത്.

വിവാദമായതോടെ നിഖിൽ തോമസിനെ ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി. ഇന്നലെ ചേർന്ന സിപിഎം ഫ്രാക്ഷൻ യോഗം നിഖിലിനെ വിളിച്ചുവരുത്തി വിശദീകരണം തേടിയ ശേഷമാണ് എസ്എഫ്ഐ ജില്ലാ കമ്മിറ്റിയിൽ നിന്നും നീക്കാൻ നേതൃത്വം നിർദേശം നൽകിയത്.

Related Articles

Latest Articles