Sunday, May 19, 2024
spot_img

വ്യാജ ഫോറസ്റ്റ് ഓഫീസർ ചമഞ്ഞ് ലക്ഷങ്ങളുടെ തട്ടിപ്പ്;ഒടുവിൽ പോലീസിന്റെ വലയിൽ

പാലക്കാട്:വ്യാജ ഫോറസ്റ്റ് ഓഫീസർ ചമഞ്ഞ് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തി വന്ന യുവാവ് പിടിയിൽ.കോട്ടായി സ്വദേശി ബാലസുബ്രഹ്മണ്യനാണ് അറസ്റ്റിലായത്. വനംവകുപ്പിന്‍റെ യൂണിഫോമും തിരിച്ചറിയൽ കാർഡും വ്യാജമായി നിർമിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്. കഴിഞ്ഞ 5 വർഷമായി ഇയാൾ തട്ടിപ്പ് നടത്തി വരുന്നതായി കണ്ടെത്തിയിട്ടുണ്ട്.പാലക്കാട് സൗത്ത് പോലീസ് ആണ് അറസ്റ്റ് ചെയ്തത്.

തട്ടിപ്പ് നടത്തിയ കോട്ടായി സ്വദേശിക്കെതിരെ പരാതിയുമായി വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും രംഗത്തെത്തിയിരുന്നു. നാട്ടുകാരെയും ബാങ്കിനെയും പറ്റിച്ച് യുവാവ് തട്ടിയത് ലക്ഷങ്ങളാണെന്ന് പോലീസ് പറഞ്ഞു.പാലക്കാട് ഫോറസ്റ്റ് ഓഫീസ് പരിധിയിലെ മിക്ക വീട്ടുകാർക്കും നാട്ടുകാർക്കും ബാലസുബ്രഹ്മണ്യൻ സർക്കാർ ഉദ്യോഗസ്ഥനാണ്. ബീറ്റ് ഫോറസ്റ്റ് ഓഫീസർ എന്ന ലേബൽ ഉപയോഗിച്ച് പലരിൽ നിന്ന് പണം കടം വാങ്ങി മുങ്ങി നടക്കുകയായിരുന്നു ഇയാള്‍. പണം ആര്‍ക്കും തിരിച്ചു കൊടുക്കുന്ന പതിവില്ല. രണ്ട് ബാങ്കുകളിൽ നിന്ന് ലക്ഷകണക്കിന് രൂപയാണ് ഇയാള്‍ തട്ടിപ്പിലൂടെ വായ്പ വാങ്ങിയത്. ഇതിനായി വ്യാജ ശമ്പള സർട്ടിഫിക്കറ്റും ഹാജരാക്കി. കേരള ഫോറസ് പ്രൊട്ടക്ടിവ് സ്റ്റാഫ് അസോസി യേഷന്റെ ഇടപെടൽ മൂലമാണ് തട്ടിപ്പ് പുറത്തായത്. ബാലസുബ്രഹ്മണ്യന്‍റെ തട്ടിപ്പ് പുറത്ത് വരാൻ തുടങ്ങിയതോടെയാണ് തങ്ങളും വഞ്ചിതരായ വിവരം നാട്ടുകാരും മനസ്സിലാക്കുന്നത്.

നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും പരാതിയുമായി എത്തിയതോടെ ബാലസുബ്രഹ്മണ്യൻ ഒളിവില്‍ പോയി. മൊബൈൽ ഫോൺ വീട്ടിൽ വെച്ചാണ് പ്രതി മുങ്ങിയത്. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ വനം വകുപ്പിന്‍റെയും പോലീസിന്‍റെയും യൂണിഫോമുകൾ കണ്ടെത്തി. വീട്ടിൽ ഒളിപ്പിച്ച വ്യാജ സീലുകളും മുദ്രകളും പോലീസ് കണ്ടെത്തിയിരുന്നു. പോലീസിന്റെ ഊർജ്ജിതമായ അന്വേഷണത്തിന്റെ ഫലമായിട്ടാണ് ഇയാൾ‌ പിടിയിലായിരിക്കുന്നത്.

Related Articles

Latest Articles