തൃക്കാക്കര എംഎല്‍എ ഉമാ തോമസിന് ഗുരുതരപരിക്ക്. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ പരിപാടിക്കിടെ വിഐപി ഗ്യാലറയിൽ നിന്ന് താഴെ വീണാണ് പരിക്കേറ്റത്. ഏകദേശം 20 അടിയോളം താഴ്ചയിലേക്കാണ് എംഎൽഎ വീണത്. സ്റ്റേഡിയത്തില്‍ നടക്കുന്ന നൃത്തപരിപാടിയില്‍ പങ്കെടുക്കാനാണ് ഉമാ തോമസ് സ്‌റ്റേഡിയത്തിലെത്തിയത്. ഇന്ന് വൈകുന്നേരമായിരുന്നു സംഭവം. എംഎൽഎയുടെ തലക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. മുറിവിൽ നിന്ന് രക്തം വാർന്നുപോയെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം.
കലൂർ സ്റ്റേഡിയത്തിൽ 12000 ഭരതനാട്യ നർത്തകർ പങ്കെടുക്കുന്ന മൃദംഗനാദം നൃത്തസന്ധ്യയായിരുന്നു പരിപാടി. ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് സംഘടിപ്പിച്ച പരിപാടിയാണിത്. പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു എംഎൽഎ. താത്കാലികമായി തയ്യാറാക്കിയ വിഐപി ഗാലറിയിൽ നിന്ന് 20 അടിയോളം താഴ്‌ചയിലേക്ക് എംഎൽഎ വീണുവെന്നാണ് മനസിലാക്കുന്നത്. പരിപാടിയിൽ പങ്കെടുക്കാൻ മന്ത്രി സജി ചെറിയാനും എത്തിയിരുന്നു.
പരിപാടി തുടങ്ങാറായപ്പോഴാണ് എംഎൽഎ എത്തിയത്. മന്ത്രിയെ കണ്ട ശേഷം തൻ്റെ ഇരിപ്പിടത്തിലേക്ക് നീങ്ങിയിരിക്കാനായി പോകുമ്പോൾ, ഗാലറിയിൽ താത്കാലികമായി കെട്ടിയ ബാരിക്കേഡിൽ നിന്ന് മറിഞ്ഞ് താഴേക്ക് വീഴുകയായിരുന്നു.

