കൊല്ലം: മകളോട് മോശമായി പെരുമാറിയ മദ്യപ സംഘത്തെ ചോദ്യം ചെയ്തതിനെ തുടർന്ന് മർദ്ദനമേറ്റ അച്ഛൻ ജീവനൊടുക്കിയ സംഭവത്തിൽ പ്രതികൾ ഒളിവിലെന്ന് പോലീസ്. ഇടുക്കി സ്വദേശി ആൻസൻ, ആയൂർ സ്വദേശികളായ ഫൈസൽ, മോനിഷ്, നൗഫൽ എന്നീ നാല് പ്രതികളാണ് ഒളിവിലുള്ളത്. ഇവരിൽ ആൻസനാണ് പെൺകുട്ടിയോട് മോശമായി പെരുമാറിയതെന്ന് പോലീസ് പറഞ്ഞു . മരിച്ച അജയ് കുമാറിന്റെ ഭാര്യയുടെയും മകളുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികൾക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയതെന്ന് പോലീസ് വ്യക്തമാക്കി.
ട്യൂഷൻ കഴിഞ്ഞ് മകൾക്കൊപ്പം വീട്ടിലേക്ക് പോകുന്നതിനിടെയാണ് പ്രതികൾ അജയകുമാറിനെയും മകളെയും അസഭ്യം പറഞ്ഞത്. തുടർന്ന് മകളെ വീട്ടിലെത്തിച്ച ശേഷം തിരികെയെത്തിയ അജയകുമാർ, സംഘത്തിന്റെ പ്രവർത്തിയെ ചോദ്യംചെയ്തു. ഇതോടെ സംഘം അജയകുമാറിനെ ക്രൂരമായി മർദ്ദിച്ചുവെന്നും മദ്യപസംഘത്തിന്റെ മർദ്ദനത്തിൽ മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്നും കുടുംബം ആരോപിച്ചു.

