കണ്ണൂർ: പിതാവിന് മകന്റെ ക്രൂരമർദനം. പേരാവൂരിൽ മദ്യലഹരിയിലാണ് മകൻ വൃദ്ധനായ പിതാവിനെ മർദിച്ചത്. പേരാവൂർ ചൗള നഗർ സ്വദേശി പാപ്പച്ചനെയാണ് മകൻ മാർട്ടിൻ ഫിലിപ് ക്രൂരമായി മർദിച്ചത്. സംഭവ സമയത്ത് കുടുംബാംഗങ്ങൾ പകർത്തിയ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ഇയാളുടെ ക്രൂരത പുറത്തറിഞ്ഞത്.
ഇന്നലെ രാത്രിയാണ് ക്രൂരമായ സംഭവം ഉണ്ടായത്. മകൻ അച്ഛനെ ക്രൂരമായി മർദിക്കുന്നതിന്റെ കുറച്ച് ഭാഗം മാത്രമാണ് ദൃശ്യങ്ങളിൽ കാണാൻ കഴിയുന്നത്. കൂടാതെ ദൃശ്യങ്ങളിൽ നിലത്തിട്ട് ചവിട്ടുന്നതുൾപ്പെടെയുള്ള മർദ്ദനം കാണാൻ സാധിക്കും. മാർട്ടിൻ മദ്യപിച്ചെത്തിയതിന് ശേഷം പിതാവുമായി വാക്കുതർക്കത്തിലേർപ്പെടുകയും തുടർന്ന് ക്രൂരമായി മർദിക്കുകയുമായിരുന്നു.
ദൃശ്യങ്ങൾ പുറത്തുവന്നതോടെ പേരാവൂർ പോലീസ് വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. എന്നാൽ കുടുംബാംഗങ്ങൾ പരാതി നൽകാൻ ഇതുവരെ തയാറായിട്ടില്ല. എന്നാൽ സംഭവത്തിൽ പോലീസ് സ്വമേധയാ കേസെടുത്തു. മാർട്ടിനെ വധശ്രമകുറ്റം ചുമത്തി ഇതിനോടകം തന്നെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

