ചണ്ഡീഗഡ്: പഞ്ചാബ് ഗായകന്‍ സിദ്ധു മൂസെ വാലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കൊലപാതകിയെന്ന് സംശയിക്കുന്ന മൂന്നാമത്തെയാളെ പൊലീസ് പിടികൂടി.
കൊലപാതകത്തില്‍ പങ്കുണ്ടെന്ന സംശയത്തില്‍ നേരത്തെ പൊലീസ് പിടികൂടിയ രണ്ടുപേര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആണ് ഹരിയാനയിലെ ഫത്തേബാദില്‍ നിന്നും ദേവേന്ദ്ര എന്ന ആളെ പഞ്ചാബ് പൊലീസ് പിടികൂടിയത് . കഴിഞ്ഞ ചൊവ്വാഴ്ച ഗായകന്റെ സംസ്കാരം നടക്കുന്നതിനിടെയായിരുന്നു ഫത്തേബാദിലെ ഭിര്‍ദനയില്‍ നിന്നും പ്രതി മന്‍പ്രീതിനെ ആദ്യം അറസ്റ്റ് ചെയ്തത്
മെയ് 29നാണ് മൂസെ വാല കൊല്ലപ്പെട്ടത്. സംഭവത്തില്‍ കനേഡിയന്‍ ഗ്യാങ്സ്റ്റര്‍ ഗോള്‍ഡി ബ്രാര്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ ഗായകന്റെ വീട് സന്ദര്‍ശിച്ച് കൊലപാതകികളെ എത്രയും പെട്ടെന്ന് പിടികൂടുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. പഞ്ചാബ് സര്‍ക്കാര്‍ മൂസെ വാലക്ക് നല്‍കിയിരുന്ന വി.ഐ.പി സുരക്ഷ പിന്‍വലിച്ചതിന് അടുത്ത ദിവസമാണ് കൊലപാതകം നടന്നത്. സുരക്ഷ പിൻവലിച്ചവരുടെ പേരുകൾ പരസ്യപ്പെടുത്തിയതാണ് സിദ്ദുവിനെ വെടിവച്ചുകൊല്ലാൻ ഇടയാക്കിയതെന്നാണ് പ്രതിപക്ഷ നേതാക്കളുടെ ആരോപണം. രണ്ട് സുഹൃത്തുക്കൾക്കൊപ്പം പഞ്ചാബിലെ ജവഹർ കെ ഗ്രാമത്തിലേക്ക് ജീപ്പിൽ പോകുമ്പോഴായിരുന്നു അക്രമികൾ സിദ്ദുവിനെ ആക്രമിച്ചത്. നിരവധി തവണ വെടിയേറ്റ സിദ്ദുവിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഇതോടെ വി.ഐ.പി സുരക്ഷ പിന്‍വലിച്ച ആം ആദ്മി സര്‍ക്കാറിനെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. 400ഓളം വി.ഐ.പികളുടെ സുരക്ഷ പിന്‍വലിച്ച സര്‍ക്കാര്‍ അക്കാര്യം സമൂഹ മാധ്യമങ്ങളിലടക്കം പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. പിന്‍വലിച്ച വി.ഐ.പി സുരക്ഷ ജൂണ്‍ ഏഴിനുള്ളില്‍ പുനഃസ്ഥാപിക്കണമെന്ന് പഞ്ചാബ് -ഹരിയാന ഹൈകോടതി നിര്‍ദേശിക്കുകയും ചെയ്തു.

