Monday, September 21, 2026

പശ്ചിമേഷ്യയിൽ യുദ്ധഭീതി കനക്കുന്നു ! ഗൾഫ് രാജ്യങ്ങളിൽ മിസൈൽ-ഡ്രോൺ ആക്രമണശ്രമവും സൈറണും, സമാധാന നീക്കങ്ങളുമായി ഖത്തർ

ദോഹ: അമേരിക്കയുടെയും ഇറാന്റെയും കടുത്ത സൈനിക നീക്കങ്ങളെത്തുടർന്ന് പശ്ചിമേഷ്യൻ മേഖല കടുത്ത യുദ്ധഭീതിയിലേക്ക്. ഇന്ന് പുലർച്ചെയോടെ ബഹ്റൈൻ, കുവൈത്ത്, ഖത്തർ എന്നീ ഗൾഫ് രാജ്യങ്ങളിൽ ഒരേസമയം വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങിയത് ജനങ്ങളെയും പ്രവാസികളെയും ആകെ പരിഭ്രാന്തിയിലാഴ്ത്തി. മേഖലയിൽ യുദ്ധസാഹചര്യം നിലനിൽക്കുമ്പോഴും, ഇറാനെ നേരിട്ട് ബന്ധപ്പെട്ട് സമാധാനശ്രമങ്ങളുമായി ഖത്തർ സജീവമായി രംഗത്തുണ്ട്. ഹോർമൂസ് കടലിടുക്കിൽ കപ്പൽ ആക്രമിച്ച ഇറാന്റെ നടപടിയിൽ ഖത്തർ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും, സമാധാന ദൗത്യങ്ങളെ തകർക്കുന്ന നീക്കങ്ങളിൽ നിന്ന് പിന്തിരിയണമെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രിയോട് ആവശ്യപ്പെടുകയും ചെയ്തു.

ഇന്ന് പുലർച്ചെയുണ്ടായ വ്യോമാക്രമണ ഭീഷണിയെത്തുടർന്ന് ബഹ്റൈനിൽ രണ്ടുതവണയാണ് അപായ സൈറണുകൾ ഉയർന്നത്. രാജ്യം വലിയൊരു വ്യോമാക്രമണ ഭീഷണി നേരിട്ട പശ്ചാത്തലത്തിൽ, പൊതുജനങ്ങൾ പരിഭ്രാന്തരാകരുതെന്നും അടിയന്തരമായി ഏറ്റവും അടുത്തുള്ള സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്നും ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം സ്വദേശികൾക്കും പ്രവാസികൾക്കും കർശന നിർദ്ദേശം നൽകിയിരുന്നു. ബഹ്റൈന് തൊട്ടുപിന്നാലെ കുവൈത്തിന് നേരെയും കനത്ത മിസൈൽ-ഡ്രോൺ ആക്രമണ ശ്രമങ്ങളുണ്ടായെങ്കിലും, രാജ്യത്തിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ അവയെല്ലാം ആകാശത്തുവെച്ച് വിജയകരമായി തകർത്തു

ഖത്തറിലും പുലർച്ചെയോടെ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. രാജ്യത്ത് ഉയർന്ന സുരക്ഷാ ഭീഷണി നിലനിൽക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചെങ്കിലും, സ്ഥിതിഗതികൾ വേഗത്തിൽ നിയന്ത്രണവിധേയമാക്കാൻ സുരക്ഷാസേനയ്ക്ക് സാധിച്ചു. തുടർന്ന് രാവിലെ 7.25 ഓടെ ഈ ജാഗ്രതാ നിർദ്ദേശം പിൻവലിക്കുകയും ജനങ്ങൾ സുരക്ഷിതരാണെന്ന് വ്യക്തമാക്കുകയും ചെയ്തു. വൻശക്തികളുടെ സൈനിക നീക്കങ്ങൾക്കിടയിലും മേഖലയിലെ സംഘർഷം അവസാനിപ്പിക്കാനും സമാധാനം പുനഃസ്ഥാപിക്കാനുമുള്ള നയതന്ത്ര ശ്രമങ്ങൾ ശക്തമായി തുടരുമെന്ന് ഖത്തർ വ്യക്തമാക്കിയിട്ടുണ്ട്.

Related Articles

Latest Articles