Friday, May 3, 2024
spot_img

സൗദിയിൽ മെഡിക്കൽ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് അപകടത്തിൽ പെട്ടു; ഏതാനും വിദ്യാർഥിനികൾക്ക് പരിക്ക്

റിയാദ്: സൗദിയിൽ മെഡിക്കൽ വിദ്യാർത്ഥിനികൾ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് തെരുവ് വിളക്കിലേക്കും റോഡ് സൈഡിലെ ബാരിക്കേഡിലേക്കും ഇടിച്ചു കയറി. ബുധനാഴ്ച വൈകീട്ട് റിയാദ് പ്രവിശ്യയിലെ റൗദ സുദൈറിന് സമീപം ജലാജിൽ എന്ന സ്ഥലത്തുണ്ടായ സംഭവത്തിൽ എതാനും വിദ്യാർഥിനികൾക്ക് പരിക്കേറ്റിട്ടുണ്ട്.

റിയാദിൽ നിന്ന് 200 കിലോ മീറ്റർ അകലെ മജ്‍മഅ യൂനിവേഴ്‌സിറ്റിയിലെ മെഡിക്കൽ വിദ്യാർഥിനികളാണ് അപകടത്തിൽ പെട്ടത്. യൂനിവേഴ്‌സിറ്റി ബസിൽ ക്യാമ്പസിൽ നിന്ന് റൗദ സുദൈറിലെ താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. ഒമ്പത് വിദ്യാർത്ഥിനികളാണ് ബസിൽ ഉണ്ടായിരുന്നത്. ജലാജിലിനു സമീപം വളവിൽ വെച്ച് നിയന്ത്രണം വിട്ട ബസ് റോഡ് മധ്യത്തിലെ തെരുവുവിളക്കു കാലിൽ ഇടിച്ച് എതിർദിശയിലേക്ക് നീങ്ങി റോഡ് സൈഡിലെ കോൺക്രീറ്റ് ബാരിക്കേഡിൽ ഇടിച്ചുനിൽക്കുകയായിരുന്നു. ബാരിക്കേഡിൽ ഇടിച്ചുനിന്നതിനാൽ വൻദുരന്തമാണ് ഒഴിവായത്. അല്ലാത്തപക്ഷം ബസ് താഴെ താഴ്‌വരയിലേക്ക് മറിയുകമായിരുന്നു. ഏതാനും വിദ്യാർഥിനികളുടെ പരിക്ക് നിസാരമാണ്. ഡ്രൈവറും മറ്റു വിദ്യാർഥിനികളും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

Related Articles

Latest Articles