മുദാക്കല്‍ പൊയ്കമുക്ക് സ്വദേശിനിയായ പതിനഞ്ചുകാരി ലൈംഗിക പീഡനത്തിനിരയായ സംഭവത്തിൽ ദമ്പതിമാര്‍ അറസ്റ്റിലായി. ആറ്റിങ്ങല്‍ ഇളമ്പ പാലത്തിനു സമീപം ബിന്ദു ഭവന്‍ വീട്ടില്‍ ശരത് (28) ഇയാളുടെ ഭാര്യ മുദാക്കല്‍ പൊയ്കമുക്ക് കാട്ടുചന്ത നന്ദനം വീട്ടില്‍ നന്ദ(24) എന്നിവരെയാണ് ആറ്റിങ്ങല്‍ പോലീസ് അറസ്റ്റ് ചെയ്തത്.
നാലു വര്‍ഷം 11 വയസുമുതല്‍ 15 വയസുവരെയാണ് പെൺകുട്ടി പീഡനത്തിനിരയായത്. 2021 ഏപ്രില്‍ മുതലാണ് പെൺകുട്ടിയെ പ്രതികൾ ദുരുപയോഗം ചെയ്യാൻ തുടങ്ങിയതെന്നാണ് വിവരം. പെണ്‍കുട്ടി സ്‌കൂളില്‍ വിഷമിച്ചിരിക്കുന്നതു കണ്ട അദ്ധ്യാപിക സ്‌കൂള്‍ കൗണ്‍സിലറെ കൊണ്ട് കൗണ്‍സിലിംഗ് നൽകിയതോടെയാണ് ഞെട്ടിക്കുന്ന പീഡനവിവരം പുറത്തു വന്നത്. ഒന്നാംപ്രതിയായ ശരത് ഭാര്യയെ ഉപയോഗിച്ച് പെണ്‍കുട്ടിയെ വീട്ടില്‍ വിളിച്ചുവരുത്തുകയും തുടര്‍ന്ന് പീഡിപ്പിക്കുകയും ചെയ്‌തെന്നാണ് വിവരം.
നന്ദയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ഇയാള്‍ ആരോപിച്ചിരുന്നു. തന്നോടൊപ്പം തുടർന്നും താമസിക്കണമെങ്കില്‍ 15-കാരിയെ ചൂഷണംചെയ്യാന്‍ അവസരമൊരുക്കി നല്‍കണമെന്നും ഭീഷണിപ്പെടുത്തി. ഇതോടെ നന്ദ ഭര്‍ത്താവിന്റെ ഭീഷണിക്ക് വഴങ്ങി 15-കാരിയെ പ്രലോഭിപ്പിച്ച് വീട്ടിലെത്തിക്കുകയും തുടര്‍ന്ന് പീഡനത്തിനിരയാക്കുകയുമായിരുന്നു.

