Monday, May 20, 2024
spot_img

അഞ്ചാം പനി പടരുന്നു;മലപ്പുറത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അങ്കൺവാടികളിലും മാസ്ക് നിർബന്ധമാക്കി

മലപ്പുറം:അഞ്ചാം പനി വ്യാപകമായി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അങ്കൺവാടികളിലും മാസ്ക് നിർബന്ധമാക്കി.അഞ്ചാം പനി ചികിത്സ വേണ്ടെന്ന വ്യാജ സന്ദേശം പ്രചരിപ്പിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിൽ കൂടിയാണ് നിർദേശം നൽകിയത്. ഇത്തരം പ്രചാരണം നടത്തുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി.

നേരത്തെ തന്നെ അഞ്ചാം പനി ബാധയുടെ പശ്ചാത്തലത്തിൽ തിരൂർ, മലപ്പുറം വിദ്യാഭ്യാസ ഉപജില്ലകളിലെ വിദ്യാർത്ഥികൾക്ക് മാസ്ക് ധരിക്കാൻ നിർദേശം നൽകിയിരുന്നു. പ്രതിരോധ കുത്തിവയ്പ് കുറഞ്ഞ സ്ഥലങ്ങളിലാണ് അഞ്ചാം പനി കൂടുതലായി റിപ്പോർട്ട് ചെയ്തത്. വാക്സീൻ എടുക്കാത്തവർക്ക് ഭവന സന്ദർശനത്തിലൂടെയും മറ്റും ബോധവൽക്കരണം നൽകുകയാണ് ആരോഗ്യവകുപ്പ്. ജില്ലയില്‍ അഞ്ച് വയസിന് താഴെയുള്ള കുട്ടികളില്‍ 89000 പേര്‍ കുത്തിവയ്പ് എടുത്തിട്ടില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്.

പ്രതിരോധ വാക്സിനേഷനെതിരെ വ്യാപകമായി പ്രചാരണം നടക്കുന്ന സാഹചര്യത്തിൽ കളക്ടർ വിളിച്ചു ചേർത്ത മത സംഘടനാ പ്രതിനിധികളുടെ യോഗം പൂർത്തിയായി. കുത്തിവയ്പ്പിനോട് ആളുകൾ വിമുഖത തുടരുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു യോഗം. ജില്ലയിൽ രോഗം ബാധിച്ചവരുടെ എണ്ണം 426 ആയി ഉയർന്നെന്ന് യോഗത്തിൽ ജില്ലാ കളക്ടർ അറിയിച്ചു. അഞ്ചാം പനിക്കെതിരായ വാക്സീൻ കുത്തിവയ്പ്പിന് എല്ലാ പിന്തുണയും ബോധവൽക്കരണവും നൽകുമെന്ന് മത സംഘടനാ നേതാക്കൾ യോഗത്തിൽ അറിയിച്ചു. രോഗബാധ കൂടുതലുള്ള തദ്ദേശ സ്ഥാപനങ്ങളിൽ നോഡൽ ഓഫീസർമാരെ നിയോഗിച്ചിട്ടുണ്ടെന്ന് കളക്ടർ അറിയിച്ചിട്ടുമുണ്ട്.

Related Articles

Latest Articles