അമേരിക്കയിലെ പടിഞ്ഞാറൻ ഐഡഹോയിലുള്ള മൗണ്ടൻ ഹോം എയർഫോഴ്സ് ബേസിൽ നടന്ന വ്യോമാഭ്യാസ പ്രകടനത്തിനിടയിൽ രണ്ട് അമേരിക്കൻ യുദ്ധവിമാനങ്ങൾ കൂട്ടിയിടിച്ചു തകർന്ന് വീണു. വാഷിംഗ്ടണിലെ വിഡ്ബേ ഐലൻഡിൽ നിന്നുള്ള ഇലക്ട്രോണിക് അറ്റാക്ക് സ്ക്വാഡ്രൺ 129-ൽ പെട്ട രണ്ട് ഇഎ-18ജി ഗ്രോവ്ലർ വിമാനങ്ങളാണ് അപകടത്തിൽപ്പെട്ടത്. ആകാശത്ത് വെച്ച് അതിവേഗ പ്രകടനം നടത്തുന്നതിനിടെ വിമാനങ്ങൾ പരസ്പരം കൂട്ടിമുട്ടുകയായിരുന്നു എന്ന് പസഫിക് ഫ്ലീറ്റ് നാവികസേനാ വക്താവ് കമാൻഡർ അമീലിയ ഉമയം അറിയിച്ചു. ഇതേത്തുടർന്ന് രണ്ട് വിമാനങ്ങളിലുമുണ്ടായിരുന്ന നാല് ക്രൂ അംഗങ്ങളും പാരച്യൂട്ടുകൾ ഉപയോഗിച്ച് ജീവൻ രക്ഷിച്ചത്.
അപകടത്തെ തുടർന്ന് രണ്ട് യുദ്ധവിമാനങ്ങളും വലിയ തീഗോളമായി താഴേക്ക് പതിക്കുന്നതിന്റെയും, പൈലറ്റുമാർ പാരച്യൂട്ടിൽ സുരക്ഷിതമായി താഴേക്ക് വരുന്നതിന്റെയും ദൃശ്യങ്ങൾ കാണികൾ മൊബൈലിൽ പകർത്തിയിട്ടുണ്ട്. പൈലറ്റുമാർ നിലവിൽ സുരക്ഷിതരും സ്ഥിരതയുള്ള നിലയിലുമാണെന്ന് വ്യോമസേനാ ക്യാമ്പ് അധികൃതർ വ്യക്തമാക്കി. വിമാനങ്ങൾ തകർന്നുവീണ സൈനിക താവളത്തിൽ ഉണ്ടായിരുന്ന കാണികൾക്കോ മറ്റ് ജീവനക്കാർക്കോ ആർക്കും തന്നെ പരിക്കേറ്റിട്ടില്ല. അപകടം നടന്നയുടൻ തന്നെ മിലിട്ടറി ബേസ് പൂർണ്ണമായും അടച്ചുപൂട്ടുകയും എയർ ഷോയുടെ ബാക്കി പ്രകടനങ്ങൾ പൂർണ്ണമായി റദ്ദാക്കുകയും ചെയ്തു. സാധാരണയായി ആകാശത്ത് വെച്ച് വിമാനങ്ങൾ കൂട്ടിയിടിച്ചാൽ പൈലറ്റുമാർക്ക് രക്ഷപ്പെടാൻ സമയം ലഭിക്കാറില്ലെന്നും എന്നാൽ ഈ അപകടത്തിൽ വിമാനങ്ങൾ പരസ്പരം കോർത്തുപിടിച്ച അവസ്ഥയിലാണ് താഴേക്ക് പതിച്ചതെന്നതുമാണ് ഇവരുടെ ജീവൻ രക്ഷിച്ചതെന്ന് വ്യോമയാന സുരക്ഷാ വിദഗ്ധർ വിലയിരുത്തുന്നു. സാങ്കേതിക തകരാറുകളല്ല മറിച്ച് പൈലറ്റിന്റെ ഭാഗത്തുനിന്നുണ്ടായ ചെറിയ കണക്കുകൂട്ടലിലെ പിഴവാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
അമേരിക്കയിൽ വർഷം തോറും നടക്കുന്ന എയർ ഷോകളിൽ കടുത്ത സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതിനെ തുടർന്ന് സമീപവർഷങ്ങളിൽ അപകട മരണങ്ങൾ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. മുൻവർഷങ്ങളിൽ ഉണ്ടായ അപകടങ്ങളുടെ പശ്ചാത്തലത്തിൽ വിമാനങ്ങൾ കാണികൾക്ക് മുകളിലേക്ക് വീഴാത്ത രീതിയിലുള്ള കർശനമായ ക്രമീകരണങ്ങളാണ് ഇപ്പോൾ എയർ ഷോകളിൽ സ്വീകരിക്കുന്നത്. രണ്ട് വിമാനങ്ങളിലെയും പൈലറ്റുമാർ ജീവനോടെ രക്ഷപ്പെട്ടതിനാൽ അപകടത്തിലേക്ക് നയിച്ച കൃത്യമായ സാഹചര്യം എന്താണെന്ന് കണ്ടെത്താൻ അന്വേഷണ സംഘത്തിന് എളുപ്പമാകും. നാവികസേനയുടെ നേതൃത്വത്തിൽ അപകടത്തെക്കുറിച്ച് ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപകാലത്ത് ഇറാൻ യുദ്ധ പശ്ചാത്തലത്തിൽ പല മിലിട്ടറി ബേസുകളിലെയും എയർ ഷോകൾ റദ്ദാക്കിയിരുന്നെങ്കിലും ഈ ബേസിൽ വലിയ ജനപങ്കാളിത്തത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്.

