തിരുവനന്തപുരം: പുതിയ യുഡിഎഫ് മന്ത്രിസഭയിലെ അംഗങ്ങളുടെ വകുപ്പുവിഭജനം സംബന്ധിച്ച അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ അന്തിമ തീരുമാനമായി. വമന്ത്രിമാരുടെ വകുപ്പുകൾ അടങ്ങിയ അന്തിമ പട്ടിക മുഖ്യമന്ത്രി ഗവർണർക്ക് സമർപ്പിച്ചു. ഫിഷറീസ് വകുപ്പ് മുസ്ലിം ലീഗിന് തന്നെ നൽകാനാണ് തീരുമാനമായിരിക്കുന്നത്.
ഗവർണർക്ക് കൈമാറിയ ഔദ്യോഗിക പട്ടിക പ്രകാരം മുസ്ലിം ലീഗ് നേതാവ് വി.ഇ. അബ്ദുൾ ഗഫൂർ ഫിഷറീസ് വകുപ്പ് കൈകാര്യം ചെയ്യും. കോൺഗ്രസ് നേതാക്കളായ അനിൽ കുമാർ റവന്യൂ വകുപ്പും, സണ്ണി ജോസഫ് വൈദ്യുതി വകുപ്പും, പി.സി. വിഷ്ണുനാഥ് ടൂറിസം, സാംസ്കാരികം, സിനിമ വകുപ്പുകളും നയിക്കും. കെ. മുരളീധരനാണ് ആരോഗ്യം, ദേവസ്വം വകുപ്പുകളുടെ ചുമതല. മറ്റ് പ്രധാന വകുപ്പുകളായ പൊതുമരാമത്ത് പി.കെ. ബഷീറിനും, തദ്ദേശ സ്വയംഭരണം കെ.എം. ഷാജിക്കും, പൊതുവിദ്യാഭ്യാസം, ന്യൂനപക്ഷ ക്ഷേമം, ഹജ്ജ് വകുപ്പുകൾ എൻ. ഷംസുദീനും ലഭിച്ചു. ബിന്ദു കൃഷ്ണ (തൊഴിൽ), എം. ലിജു (സഹകരണം, എക്സൈസ്), ടി. സിദ്ദിഖ് (കൃഷി) എന്നിവരാണ് കോൺഗ്രസിൽ നിന്നുള്ള മറ്റ് പ്രധാന മന്ത്രിമാർ. ഘടകകക്ഷി നേതാക്കളായ സി.പി. ജോൺ ഗതാഗത വകുപ്പും, അനൂപ് ജേക്കബ് സിവിൽ സപ്ലൈസും, തുളസി പിന്നാക്ക ക്ഷേമവും, ഒ.ജെ. ജനീഷ് യുവജനക്ഷേമ വകുപ്പും കൈകാര്യം ചെയ്യും.
സത്യപ്രതിജ്ഞ ചടങ്ങ് നടന്ന ദിവസം രാത്രി തന്നെ വകുപ്പ് വിഭജന ചർച്ചകൾ പൂർത്തിയായിരുന്നുവെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു. ഗവർണർ തിരുവനന്തപുരത്ത് ഇല്ലാത്തതിനാലാണ് പ്രഖ്യാപനം വൈകിയതെന്നും ഇന്ന് രാവിലെ തന്നെ ലിസ്റ്റ് രാജ്ഭവന് കൈമാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, പുതിയ മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് മുന്നണിക്കുള്ളിൽ പരസ്യമായ അതൃപ്തിയും പുകയുന്നുണ്ട്. മുതിർന്ന കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടനെ മന്ത്രിസഭയിൽ ഉൾപ്പെടുത്താത്തതിനെതിരെ യു.ഡി.എഫ് മൂവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റി പരസ്യമായി പ്രമേയം പാസാക്കി. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പ്രതിപക്ഷത്തുനിന്ന് ശക്തമായ രാഷ്ട്രീയ പോരാട്ടം നയിച്ച മാത്യുവിനെ മന്ത്രിസ്ഥാനത്തുനിന്ന് ഒഴിവാക്കിയത് കടുത്ത അനീതിയാണെന്ന് കോൺഗ്രസ് നേതാക്കൾ അവതരിപ്പിച്ച പ്രമേയത്തിൽ പറയുന്നു. ഈ പ്രമേയത്തെ മുന്നണിയിലെ പ്രധാന കക്ഷികളായ മുസ്ലിം ലീഗും കേരള കോൺഗ്രസും പിന്തുണച്ചത് വരും ദിവസങ്ങളിൽ കോൺഗ്രസ് നേതൃത്വത്തിന് പുതിയ തലവേദനയായേക്കും.

