ദില്ലി :രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അടുത്തിടെ ട്രെയിനുകളിലുണ്ടായ തുടർച്ചയായ തീപിടുത്തങ്ങൾക്ക് പിന്നിൽ അട്ടിമറി നീക്കങ്ങളെന്ന് സ്ഥിരീകരിച്ച് ഇന്ത്യൻ റെയിൽവേ. റെയിൽവേയുടെ സുരക്ഷാ സംവിധാനങ്ങളെയും യാത്രക്കാരുടെ ജീവനെയും അപകടത്തിലാക്കുന്ന തരത്തിൽ സാമൂഹിക വിരുദ്ധരാണ് ഇത്തരം അനിഷ്ട സംഭവങ്ങൾക്ക് പിന്നിലെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ടുകളെ മുൻനിർത്തി അധികൃതർ വ്യക്തമാക്കി. അടുത്തിടെ രാജസ്ഥാനിലെ അമർപുര, കോട്ട എന്നിവിടങ്ങളിലും ബീഹാറിലെ സാസാരം, പശ്ചിമ ബംഗാളിലെ ഹൗറ എന്നിവിടങ്ങളിലും ഉണ്ടായ നാല് പ്രധാന സംഭവങ്ങളെ റെയിൽവേ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. ഈ സംഭവങ്ങളിൽ ഓരോന്നിലും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർ.പി.എഫ്) വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യാത്രാസുരക്ഷ ഉറപ്പാക്കുന്നതിൽ യാതൊരുവിധ വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് റെയിൽവേ മന്ത്രാലയം ആവർത്തിച്ചു.
അമർപുരയിൽ ട്രെയിനിലെ ബെഡ്ഡിംഗ് മെറ്റീരിയലുകൾക്ക് (ബെഡ്ഷീറ്റുകൾ) തീയിടാൻ ബോധപൂർവ്വമായ ശ്രമം നടന്നപ്പോൾ, ഹൗറയിൽ കോച്ചിന്റെ ശുചിമുറിയിൽ നിന്ന് പെട്രോളിൽ മുക്കിയ തുണി കണ്ടെത്തുകയുണ്ടായി. കോട്ടയിൽ രാജധാനി എക്സ്പ്രസിന്റെ ബാത്ത്റൂമിൽ നിന്നാണ് തീപടർന്നത്. സാസാരത്തിൽ റെയിൽവേ സ്റ്റേഷനിലെ ആറാം നമ്പർ പ്ലാറ്റ്‌ഫോമിൽ കിടന്നിരുന്ന സാസാരം-പട്ന പാസഞ്ചർ ട്രെയിന്റെ ഒഴിഞ്ഞ കോച്ചിനുള്ളിലേക്ക് അജ്ഞാതനായ വ്യക്തി കത്തുന്ന വസ്തു എറിയുകയായിരുന്നു. ഈ സംഭവത്തിൽ ആദ്യം ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് കരുതിയതെങ്കിലും വിശദമായ പരിശോധനയിൽ അട്ടിമറി സാധ്യതകൾ പുറത്തുവരികയായിരുന്നു. അടുത്തിടെ മധ്യപ്രദേശിലെ രത്‌ലാമിന് സമീപം ഡൽഹിയിലേക്കുള്ള രാജധാനി എക്സ്പ്രസിന്റെ എസി കോച്ചിലുണ്ടായ വൻ തീപിടുത്തത്തിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് റെയിൽവേ പുതിയ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്. അന്ന് പുലർച്ചെ അഞ്ചരയോടെയുണ്ടായ തീപിടുത്തത്തിൽ കോച്ച് പൂർണ്ണമായും കത്തിയമരുകയും 18 ഓളം ട്രെയിനുകളുടെ സർവീസുകളെ ഇത് ബാധിക്കുകയും ചെയ്തിരുന്നു.
തുടർച്ചയായുണ്ടാകുന്ന ഇത്തരം സംഭവങ്ങളിൽ യാത്രക്കാർ അതീവ ജാഗ്രത പാലിക്കണമെന്ന് റെയിൽവേ അഭ്യർത്ഥിച്ചു. ട്രെയിനുകളിലോ റെയിൽവേ പരിസരങ്ങളിലോ ഏതെങ്കിലും തരത്തിലുള്ള സംശയാസ്പദമായ പ്രവർത്തനങ്ങളോ വ്യക്തികളെയോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ റെയിൽവേ ഹെൽപ്പ് ലൈൻ നമ്പറായ 139-ൽ വിളിച്ച് വിവരമറിയിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. രാജ്യത്തെ റെയിൽവേ ശൃംഖലയെ തകർക്കാനും യാത്രാ സുരക്ഷിതത്വത്തെ ചോദ്യം ചെയ്യാനും ലക്ഷ്യമിട്ടുള്ള ഏതൊരു നീക്കത്തെയും ശക്തമായി അടിച്ചമർത്തുമെന്നും കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും റെയിൽവേ വക്താവ് അറിയിച്ചു.

