Wednesday, November 4, 2026

ഒടുവിൽ ഉമ്മൻ ചാണ്ടിക്ക് നീതി !സോളർ തട്ടിപ്പ് കേസിലെ പ്രതിയെ പീഡിപ്പിച്ചുവെന്ന കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കുറ്റവിമുക്തനാക്കിക്കൊണ്ട് സിബിഐ സമർപ്പിച്ച റിപ്പോർട്ട് കോടതി അംഗീകരിച്ചു

തിരുവനന്തപുരം : സോളർ തട്ടിപ്പ് കേസിലെ പ്രതിയെ പീഡിപ്പിച്ചുവെന്ന കേസിൽ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കുറ്റവിമുക്തനാക്കിക്കൊണ്ട് സിബിഐ സമർപ്പിച്ച റിപ്പോർട്ട് കോടതി അംഗീകരിച്ചു. സിബിഐ തിരുവനന്തപുരം യൂണിറ്റ് സമർപ്പിച്ച റിപ്പോർട്ട് സിജെഎം കോടതിയാണ് അംഗീകരിച്ചത്. കേസിൽ പരാതിക്കാരിയുടെ വാദം കൂടി കേട്ടതിനു ശേഷമാണ് ഈ റിപ്പോർട്ട് അംഗീകരിച്ചത്. ആരോപണങ്ങളിൽ ഉമ്മൻ ചാണ്ടിക്കെതിരെ തെളിവില്ല എന്ന് സിബിഐ അന്വേഷണത്തിൽ നേരത്തെ കണ്ടെത്തിയിരുന്നു. കേസിൽ എഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനെ കുറ്റവിമുക്തനാക്കിയ നടപടി കോടതി നേരത്തെ അംഗീകരിച്ചിരുന്നു. വേണുഗോപാലിനെതിരെ തെളിവില്ലെന്ന സിബിഐയുടെ റിപ്പോർട്ട് കോടതി അംഗീകരിച്ചു. സിബിഐയുടെ കണ്ടെത്തലിനെതിരെ പരാതിക്കാരി നൽകിയ ഹർജി തള്ളുകയും ചെയ്തിരുന്നു. ഇതേ ആരോപണത്തിൽ അടൂർ പ്രകാശിനെ കോടതി നേരത്തെ കുറ്റവിമുക്തനാക്കിയിരുന്നു.

2012 സെപ്റ്റംബർ 19നു നാലിനു ക്ലിഫ് ഹൗസിൽവച്ച് ഉമ്മൻചാണ്ടി പീഡിപ്പിച്ചു എന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം. എന്നാൽ ഈ ദിവസം ഉമ്മൻ ചാണ്ടി ക്ലിഫ് ഹൗസിൽ ഉണ്ടായിരുന്നില്ലെന്നായിരുന്നു ക്രൈംബ്രാഞ്ച് റിപ്പോർട്ട്. ഇതോടെ പരാതിക്കാരി സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കു പരാതി നൽകുകയും ഇതിനെത്തുടർന്ന് 2021 ജനുവരിയിൽ കേസ് സിബിഐക്കു കൈമാറുകയായിരുന്നു.

Related Articles

Latest Articles