Thursday, May 16, 2024
spot_img

ഉളിയക്കോവിലിലെ കെ.എം.എസ്.സി.എല്ലിന്റെ മരുന്ന് ഗോഡൗണിലെ തീപിടിത്തം; കാരണം ഷോർട്ട് സർക്യൂട്ടല്ല; 10 കോടി നാശനഷ്ടമുണ്ടായ ദുരന്തമുണ്ടാക്കിയത് ഈ നിസ്സാരക്കാരൻ

കൊല്ലം: ഉളിയക്കോവിലിലെ കെ.എം.എസ്.സി.എല്ലിന്റെ മരുന്ന് ഗോഡൗണിൽ അഗ്നിക്കിരയായ സംഭവമുണ്ടായത് അധികൃതരുടെ അനാസ്ഥയെത്തുടർന്ന് . കോടികളുടെ മരുന്ന് ശേഖരണമുള്ള കെട്ടിടമായിട്ടും മതിയായ അഗ്നിസുരക്ഷാ സംവിധാനങ്ങൾ ഇവിടെ ഏർപ്പെടുത്തിയിരുന്നില്ലയെന്നാണ് പൊതുവിൽ ഉയരുന്ന ആരോപണം. ഫയർഫോഴ്സിന്റെ എൻ.ഒ.സിയില്ലാതെയാണ് വർഷങ്ങളായിഗോഡൗൺ പ്രവർത്തിച്ചിരുന്നത്.

300 ചതുരശ്ര മീറ്ററിൽ കൂടുതൽ വിസ്തീർണമുള്ള കെട്ടിടങ്ങൾക്ക് അഗ്നിരക്ഷാ സേനയുടെ എൻ.ഒ.സി വേണമെന്നാണ് ചട്ടം നിലവിലിരിക്കെ ഉളിയക്കോവിലിലെ മരുന്ന് ഗോഡൗണിൽ ഇവയൊക്കെ കാറ്റിൽ പറത്തപ്പെട്ടു.

സംഭരണശാലയുടെ പുറത്ത് സൂക്ഷിച്ചിരുന്ന ബ്ലീച്ചിംഗ് പൗഡർ മിന്നലേറ്റ് കത്തിയതാണ് ഇവിടെ അഗ്നിബാധയുണ്ടാക്കിയത് എന്നാണ് ഇപ്പോഴത്തെ നിഗമനം. ഏകദേശം 15000 കിലോ ബ്ലീച്ചിംഗ് പൗഡർ ഇവിടെ സൂക്ഷിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. ചട്ട പ്രകാരം എൻ.ഒ.സി നൽകുന്നതിന് അഗ്നി രക്ഷാ സേനനടത്തുന്ന പരിശോധനയിൽ ഇത്തരം ജ്വലന സാദ്ധ്യതയുള്ള സാധനങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാനുള്ള നിർദ്ദേശങ്ങൾ നൽകുമായിരുന്നു. ഇതിന് പുറമെ സ്വയം അഗ്നികെടുത്തുന്ന സംവിധാനങ്ങൾ സ്ഥാപിക്കാനും നിർദ്ദേശം നൽകിയേനെ.

അതേസമയം ഗോഡൗണിൽ ഇന്നലെ ഫോറൻസിക്,, പൊലീസ്, ഫയർഫോഴ്സ്, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. ഷോർട്ട് സർക്യൂട്ട് അല്ല, തീപിടിത്തത്തിന്റെ കാരണമെന്ന് സ്ഥിരീകരിച്ചു. തീപിടിത്തത്തെ സംബന്ധിച്ച റിപ്പോർട്ട് ഡി.എം.ഒ ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിന് കൈമാറിയിട്ടുണ്ട്. സംഭരണ ശാലയിലെ മുഴുവൻ മരുന്നുകളും കെ.എം.എസ്.സി.എൽ ഇൻഷ്വർ പരിരക്ഷ ചെയ്തിട്ടുള്ളതിനാൽ സാമ്പത്തിക നഷ്ടം വരില്ല. ഇൻഷ്വറൻസ് കമ്പനി ഏറെ വൈകാതെ തന്നെ കത്തി നശിച്ച സ്റ്റോക്ക് വിലയിരുത്തിയ ശേഷം തുക നൽകുമെന്ന് അധികൃതർ വ്യക്തമാക്കി.

സംഭവത്തിൽ 7.14 കോടിയുടെ നഷ്ടമാണ്‌ കണക്കാക്കുന്നത്‌. വാക്‌സിൻ സൂക്ഷിക്കുന്നതിനുള്ള ഐ.എൽ.ആർ, എ.സി, സ്‌റ്റെബിലൈസർ എന്നിവ നശിച്ചതിലൂടെ 75ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും കത്തി നശിച്ചതിലൂടെ ആകെ എട്ട് കോടിയുടെ നഷ്ടം കെ.എം.എസ്.സി.എല്ലിന് ഉണ്ടായെന്നാണ് കരുതുന്നത്. വാടക കെട്ടിടത്തിലാണ്‌ സംഭരണ ശാല പ്രവർത്തിച്ചിരുന്നത്‌. കെട്ടിടം, അനുബന്ധ സാമഗ്രികൾ എന്നിവ കത്തി നശിച്ചതിന്റെ നഷ്‌ടം കൂടി കണക്കാക്കി പത്ത്‌ കോടിയുടെ നാശനഷ്ടം വിലയിരുത്തുന്നു.

Related Articles

Latest Articles