Thursday, December 18, 2025

സല്‍മാൻ ഖാന്‍റെ വസതിക്ക് മുന്നിലെ വെടിവയ്പ്പ്; പ്രതികള്‍ക്ക് താരത്തെ കൊല്ലാൻ പ്ലാൻ ഇല്ലായിരുന്നുവെന്ന് പോലീസ്

മുംബൈ: ബോളിവുഡ് താരം സല്‍മാൻ ഖാന്‍റെ വസതിക്ക് മുന്നിൽ വെടിയുതിര്‍ത്ത പ്രതികള്‍ക്ക് താരത്തെ കൊല്ലണമെന്ന ഉദ്ദേശമില്ലായിരുന്നുവെന്ന് പോലീസ്. താരത്തെ ഒന്ന് ഭയപ്പെടുത്തുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നാണ് പോലീസ് പറയുന്നത്. മുംബൈ ബാന്ദ്രയിലെ സല്‍മാൻ ഖാന്‍റെ വീടിന് പുറത്താണ് പ്രതികൾ വെടിയുതിര്‍ത്തത്. ഇതിന് പുറമെ പൻവേലിലെ ഫാം ഹൗസിലും പ്രതികളെത്തിയിരുന്നുവെന്ന് പോലീസ് കണ്ടെത്തി. പ്രതികളെ ചോദ്യം ചെയ്ത് വരികയാണ്. പ്രതികളുടെ കുടുംബാംഗങ്ങളുടെ മൊഴിയും എടുത്തിട്ടുണ്ട്.

ഇക്കഴിഞ്ഞ 14ന് പുലര്‍ച്ചെയാണ് സല്‍മാൻ ഖാന്‍റെ ബാന്ദ്രയിലെ വസതിക്ക് മുമ്പില്‍ രണ്ട് പേര്‍ വെടിയുതിര്‍ത്തത്. ഇരുവരും പിറ്റേന്ന് തന്നെ പോലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തില്‍ വച്ചാണ് പ്രതികള്‍ പോലീസ് പിടിയിലായത്. സംഭവത്തിന് ശേഷം മുംബൈയില്‍ നിന്ന് കടന്നുകളയുകയായിരുന്നു ഇവര്‍.
ഗുണ്ടാനേതാവ് ലോറൻസ് ബിഷ്നോയിയുടെ സഹോദരൻ അൻമോല്‍ ബിഷ്നോയി ആണ് ആക്രമണത്തിന് പിന്നിലെന്ന് സൂചനയുണ്ട്. ഗായകൻ സിദ്ദു മൂസെവാലയുടെ കൊലയില്‍ അടക്കം പല ക്രിമിനല്‍ കേസുകളിലും പോലീസ് അന്വേഷിക്കുന്നയാളാണ് അൻമോല്‍ ബിഷ്നോയി.

Related Articles

Latest Articles