Wednesday, May 1, 2024
spot_img

ആദ്യഘട്ട തെരഞ്ഞെടുപ്പിന് ഒരുങ്ങി രാജ്യം; ജനവിധി തേടുന്നത് 102 മണ്ഡലങ്ങൾ; തമിഴ്‌നാട്ടിൽ ഇന്ന് നിശബ്ദപ്രചാരണം

ദില്ലി: ആദ്യഘട്ട തെരഞ്ഞെടുപ്പിന് ഒരുങ്ങി രാജ്യം. അരുണാചൽപ്രദേശ്, അസം, ബിഹാർ, ഛത്തീസ്ഗഡ്, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, രാജസ്ഥാൻ, സിക്കിം, തമിഴ്നാട്, ത്രിപുര, യു.പി, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളും ആന്തമാൻ നികോബാർ, ജമ്മു കശ്മീർ, ലക്ഷദ്വീപ്, പുതുച്ചേരി എന്നീ കേന്ദ്രഭരണ പ്രദേശങ്ങളുമാണ് നാളെ പോളിങ് ബൂത്തിലെത്തുക.
ഇതിന്റെ പശ്ചാത്തലത്തിൽ തമിഴ്‌നാട്ടിലും വോട്ടടെടുപ്പ് നടക്കുന്ന മറ്റ് മണ്ഡലങ്ങളിലും ഇന്ന് നിശബ്ദ പ്രചാരണം ആണ്.

കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരി, ഭൂപേന്ദർ യാദവ്, അർജുൻ റാം മേഘ്‍വാൾ, സർബാനന്ദ സോനോവാൾ തുടങ്ങി ഒട്ടേറെ പ്രമുഖർ ആദ്യ ഘട്ടത്തിൽ ജനവിധി തേടുന്നു. രണ്ടാംഘട്ടത്തിൽ, 26നാണു കേരളത്തിലെ വോട്ടെടുപ്പ്. വോട്ടെണ്ണൽ ജൂൺ നാലിന്.

102 ലോക്‌സഭാ മണ്ഡലങ്ങളാണ് ആദ്യ ഘട്ടത്തിൽ ഉൾപ്പെട്ടിട്ടുള്ളത്. ഇതിൽ തമിഴ്‌നാട്ടിലെ 39 ലോക്‌സഭാ സീറ്റുകളും ഉൾപ്പെടുന്നു. 1625 സ്ഥാനാർത്ഥികളാണ് ആദ്യഘട്ടത്തിൽ ജനവിധി തേടുന്നത്. തമിഴ്‌നാട്ടിൽ നിന്നു മാത്രം 950 സ്ഥാനാർത്ഥികൾ മത്സരിക്കുന്നുണ്ട്. മണ്ഡലങ്ങളിലെ പരസ്യപ്രചാരണം ഇന്നലത്തോടെ അവസാനിച്ചിരുന്നു.

തമിഴ്‌നാടിനോട് ചേർന്ന് കിടക്കുന്ന പുതുച്ചേരി മണ്ഡലത്തിലും നാളെയാണ് തെരഞ്ഞെടുപ്പ്. രാജസ്ഥാനിലെ 12 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളും ആദ്യ ഘട്ടത്തിൽ ജനവിധി തേടും. യുപിയിൽ എട്ട് സീറ്റിലുകളിലാണ് തെരഞ്ഞെടുപ്പ്. ബിഹാറിലെ നാല് മണ്ഡലങ്ങളും ബംഗാളിലെ മൂന്ന് മണ്ഡലങ്ങളും ആദ്യ ഘട്ടത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.

Related Articles

Latest Articles